ഗുവാഹത്തി: അസമിൽ വനാതിർത്തികളിൽ കുടിയിറക്ക് നടപടികൾ പുനഃരാരംഭിച്ച് ജില്ലഭരണകൂടം. വനംവകുപ്പുമായി ചേർന്നാണ് അതിർത്തിമേഖലയിൽ ഉടനീളം വീടുകൾ തകർക്കുന്നത്. 153 ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ ഒഴിപ്പിക്കാൻ പദ്ധതിയിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.അടുത്ത രണ്ടുദിവസങ്ങൾ കൂടെ നടപടി തുടരുമെന്ന് ഗോൾപാര ജില്ല കലക്ടർ പ്രൊദീപ് തിമുങ് പറഞ്ഞു. നിലവിൽ 580 കുടുംബങ്ങൾക്കാണ് കുടിയിറക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ദഹികാട റിസർവ് വനമേഖലയിൽ ഉൾപ്പെടുന്ന ഭൂമിയിൽ കയ്യേറിയ ഭാഗമാണ് ഒഴിപ്പിക്കുന്നതെന്നും പ്രൊദിപ് തിമുങ് കൂട്ടിച്ചേർത്തു.
വനത്തോട് ചേർന്ന് കിടക്കുന്ന മേഖലയിൽ ഒരുവർഷത്തിനിടെ കുടിയിറക്ക് നടപടികൾ സർക്കാർ ശക്തമാക്കിയിരുന്നു. പുറത്താക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ള ബംഗാളി വംശജരാണ്.ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുടിയിറക്ക് നടപടികൾ അതിന്റെ പാരമ്യത്തിലെത്തിയതിന് പിന്നാലെ ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലക്കുകയായിരുന്നു. അസമിൽ ഗോൽപാര, ധുബ്രി, ലഖിംപൂർ ജില്ലകളിൽ നടപടിയെത്തുടർന്ന് പതിനായിരങ്ങളാണ് ഭവനരഹിതരായത്. ജൂലൈ 16 വരെ 30 ദിവസത്തിനിടെ 4,000ലേറെ വീടുകളാണ് ഇടിച്ചുനിരത്തപ്പെട്ടത്.
അനധികൃത കൈയേറ്റമൊഴിപ്പിക്കലെന്ന പേരിൽ വീടുകൾക്ക് പുറമെ സ്കൂളുകൾ, മദ്റസകൾ, പള്ളികൾ, ഈദ്ഗാഹുകൾ എന്നിവയടക്കം നൂറുകണക്കിന് കെട്ടിടങ്ങൾ നിരപ്പാക്കിയ അധികൃതർ കാർഷിക വിളകളും നശിപ്പിച്ചതായി പരാതിയുയർന്നിരുന്നു. പലയിടങ്ങളിലും മുൻകൂട്ടി നോട്ടീസുകൾ പോലും നൽകാതെയായിരുന്നു നടപടി. കൈയേറ്റമൊഴിപ്പിക്കുമ്പോൾ ബദൽ താമസസൗകര്യം നൽകണമെന്ന സുപ്രീം കോടതി നിർദേശവും പാലിക്കപ്പെട്ടില്ല.
വൻ ആയുധ സന്നാഹങ്ങളുമായി 1,000ത്തിലേറെ പൊലീസുകാരെ വിന്യസിച്ച് കനത്ത ബാരിക്കേഡുകൾ തീർത്തായിരുന്നു പൈകാനിൽ കുടിയൊഴിപ്പിച്ചത്. ധുബ്രി ജില്ലയിലെ സന്തോഷ്പൂർ, ചിറാകുത്തി, ചാരുവ ബക്റ എന്നിവിടങ്ങളിലും വൻതോതിൽ കുടിയിറക്കൽ നടന്നിരുന്നു. ഗോൽപാരയിൽ മുളങ്കാടുകൾ നിർമിക്കാനായിരുന്നെങ്കിൽ ധുബ്രിയിൽ അദാനി ഗ്രൂപ്പിന്റെ സോളാർ പദ്ധതിക്കായാണ് ആയിരക്കണക്കിന് ഏക്കർ ഒഴിപ്പിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് ദിവസം മുമ്പ് ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് കുടിയൊഴിപ്പിക്കൽ നടപടി പുനഃരാരംഭിക്കുന്നത് പ്രഖ്യാപിച്ചത്. ഗാർഗിന്റെ മരണത്തെത്തുടർന്ന് അസമിൽ ഉണ്ടായ സംഘർഷങ്ങളെയും, അന്വേഷണത്തിൽ സംസ്ഥാന സർക്കാരിനുമേലുള്ള സമ്മർദ്ദത്തെയും പരാമർശിച്ച്, സംസ്ഥാനത്ത് നേപ്പാളിന് സമാനമായ ഒരു സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ശർമ്മയുടെ വാക്കുകൾ.ഞായറാഴ്ച കുടിയൊഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി 1,000-ത്തിലധികം വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഗോൽപാര ജില്ലയിൽ മാത്രം, ഈ വർഷം കുടിയൊഴിപ്പിക്കലിലൂടെ 900 ഹെക്ടറിലധികം ഭൂമി തിരിച്ചുപിടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

