പ്രമേഹം, അമിതവണ്ണം പോലുള്ള ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് വിസ നിഷേധിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. അമേരിക്കയിൽ താമസിക്കാനായി വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശപൗരന്മാർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് വേണം അപേക്ഷ നൽകാനെന്ന് സാരം. ആരോഗ്യപ്രശ്‌നമുള്ളവരുടെ അപേക്ഷ ചിലപ്പോൾ നിരസിക്കപ്പെട്ടേക്കാം. വ്യാഴാഴ്ച പുറത്തിറക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം അസുഖങ്ങളുമായി എത്തുന്ന ആളുകൾ സർക്കാരിന് ‘ബാധ്യത’യാവുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നത്. അമേരിക്കൻ എമ്പസികൾക്കും കോൺസുലേറ്റുകൾക്ക് ഈ മാർഗനിർദേശങ്ങൾ കൈമാറി കഴിഞ്ഞുവെന്ന് വാഷിംങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന KFF ഹെൽത്ത് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിസ അപേക്ഷകരെ സ്‌ക്രീനിങ് നടക്കുന്ന സമയം ആരോഗ്യ പരിശോധനയ്ക്ക് സാധാരണയായി വിധേയരാക്കാറുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, ന്യൂറോളജിക്കൽ അസുഖങ്ങൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ മെറ്റബോളിക്ക് അസുഖങ്ങൾ എന്നിവയ്ക്ക് ആയിരക്കണക്കിന് ഡോളർ ചിലവും സംരക്ഷണവുമാണ് നൽകേണ്ടി വരികയെന്നാണ് പുതിയ നിർദേശത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
മെഡിക്കൽ ചികിത്സകൾക്കുള്ള ചിലവ് സ്വന്തമായി ചെയ്യാൻ കഴിവുള്ളവരാണോ അപേക്ഷകർ എന്ന് വിസ ഓഫീസർമാർ മനസിലാക്കണമെന്നാണ് കർശനമായി പറയുന്നത്.

