തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി കെ. ജയകുമാർ എത്തുമെന്ന് സൂചന. പി.എസ്.പ്രശാന്ത് പ്രസിഡന്റായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. കെ. ജയകുമാർ പ്രസിഡന്‍റാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നണ്ടാകും.
മുഖ്യമന്ത്രിയുടേയും കൂടി നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നാണ് സൂചന. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സമയത്താണ് പൊതുവേ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
കെ. ജയകുമാർ നേരത്തേയും ശബരിയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന സംസ്ഥാന സി.പി.എം സെക്രട്ടറിയേറ്റിൽ അഞ്ച് പേരുകൾ ഉയർന്നുവന്നെങ്കിലും കൂടുതൽ മുൻതൂക്കം കിട്ടിയത് കെ. ജയകുമാറിനായിരുന്നു.
നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 12 വരെയാണ്. 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം.
ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്കും ഹൈകോടതി വീണ്ടും വിരല്‍ചൂണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലീൻ ഇമേജുള്ള ഐ.എ.എസ് ഓഫിസറായ കെ. ജയകുമാറിനെ പ്രസിഡന്‍റാക്കാൻ സർക്കാർ തീരുമാനം.
2019 ല്‍ സ്വര്‍ണം പൂശിയ, ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോര്‍ഡും സംശയത്തിലായത്. ഈ സാഹചര്യത്തില്‍ ബോഡ് തുടരുകയാണെങ്കിൽ കോടതിയില്‍ നിന്നടും തിരിച്ചടി ലഭിക്കുമോയെന്നും സർക്കാർ ഭയക്കുന്നുണ്ട്.

