ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സംവിധാനത്തിലെ തകരാറുമൂലം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. തകരാര്‍ കാരണം 100-ലധികം വിമാനങ്ങള്‍ വൈകിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി വിമാനത്താവളം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ ഡല്‍ഹിയിലെ വിമാനത്താവള പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങളാല്‍ കാലതാമസം നേരിടുന്നതായും യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും അറിയിച്ചിട്ടുണ്ട്.
‘ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഈ അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുന്നു. യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ഞങ്ങളുടെ ക്യാബിന്‍ ക്രൂവും വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫും അടിയന്തര സഹായം നല്‍കുന്നു,’ എയര്‍ ഇന്ത്യ എയര്‍ലൈന്‍ പറഞ്ഞു.

