മോസ്കോ: യുക്രെയ്നിൽ കനത്ത ആക്രമണം തുടരുന്ന റഷ്യ ഒരു പട്ടണം കൂടി പിടിച്ചെടുത്തു. രണ്ടര വർഷത്തിലേറെയായി യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കൻ മേഖലയിലെ വുഹ്ലെദാർ ആണ് റഷ്യൻ സേന പിടിച്ചെടുത്തത്. മേഖലയിൽ അവശേഷിക്കുന്ന സൈനികരോട് പിൻവാങ്ങാൻ നിർദേശം നൽകിയതായി യുക്രെയ്ൻ കിഴക്കൻ മേഖലാ കമാൻഡ് അറിയിച്ചു.
തന്ത്രപ്രധാന കേന്ദ്രമായതിനാൽ വുഹ്ലെദാർ പിടിച്ചടക്കാൻ ഏറെയായി റഷ്യ പോരാട്ടം തുടരുകയായിരുന്നു. ചൊവ്വാഴ്ചയോടെ പട്ടണം വരുതിയിലാക്കിയെന്ന് ഡോണെറ്റ്സ്കിലെ റഷ്യൻ അനുകൂല വിമത വിഭാഗം സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച ദൗത്യം പൂർത്തിയാക്കിയതായാണ് റഷ്യൻ സേന സ്ഥിരീകരണം. മറ്റു മാർഗങ്ങളില്ലാത്തതിനാൽ കാൽനടയായി പിൻവാങ്ങുന്നതിനിടെ നിരവധി യുക്രെയ്ൻ സൈനികരെ റഷ്യൻ സേന വധിച്ചതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഇതിനകം റഷ്യൻ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പ്രച്ചിസ്റ്റിവ്ക വീണത്.
മേഖലയിൽ മറ്റുള്ളവക്കും സമാനമായ വിധി കാത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. പാശ്ചാത്യ സഹായം തുടരുന്നുവെങ്കിലും റഷ്യൻ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ നിലവിൽ യുക്രെയ്ൻ ഏറെ പ്രയാസം നേരിടുകയാണ്. സൈനികരുടെ എണ്ണത്തിൽ പോലും ഏഴിലൊന്ന് മാത്രമാണ് യുക്രെയ്ൻ വശമുള്ളത്. ഒപ്പം അത്യാധുനിക റഷ്യൻ ആയുധങ്ങൾ കൂടിയായതോടെ ചെറുത്തുനിൽപ് അവസാനിപ്പിക്കുകയാണെന്നാണ് സൂചന. കനത്ത ബോംബിങ്ങിന്റെ അകമ്പടിയിലാണ് മിക്കയിടത്തും റഷ്യൻ ആക്രമണം.
14,000 ജനസംഖ്യയുള്ള വുഹ്ലെദാറിൽ നൂറോളം പേരൊഴികെ എല്ലാവരും നാടുവിട്ടിട്ടുണ്ട്.