Friday, December 5, 2025
HomeNewsദേവസ്വം ബോർഡ് അറിയാതെ ഒന്നും നടക്കില്ല; ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ രാജ്യാന്തര കള്ളക്കടത്തുകാർ: ...

ദേവസ്വം ബോർഡ് അറിയാതെ ഒന്നും നടക്കില്ല; ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ രാജ്യാന്തര കള്ളക്കടത്തുകാർ: ഹൈക്കോടതി

കൊച്ചി : ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ മറവിലുള്ള തട്ടിപ്പിനു പിന്നിൽ അമൂല്യ പൈതൃക വസ്തുക്കളുടെ കള്ളക്കടത്തു നടത്തുന്ന രാജ്യാന്തര സംഘമോയെന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചു. സ്വർണം പൂശിയ വാതിൽ സ്ഥാപിച്ചശേഷം സ്വർണം പൊതിഞ്ഞ പഴയ വാതിൽ കൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് അധികൃതർ അനുവദിച്ചോയെന്നത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്നു ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ശ്രീകോവിലിന്റെ 2519.760 ഗ്രാം (315 പവൻ) സ്വർണം പൊതിഞ്ഞ മുഖ്യവാതിലിനു പകരം 324.400 ഗ്രാം (40.5 പവൻ) സ്വർണം പൂശി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്ന വാതിൽ സ്ഥാപിച്ചോയെന്നാണു കോടതിയുടെ സംശയം. ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക്കിൽ കാലാകാലങ്ങളിൽ കൃത്യമായി വിവരങ്ങൾ ചേർക്കാത്തത് ക്രമക്കേടുകൾ ഒളിച്ചുവയ്ക്കാനായുള്ള മനഃപൂർവമായ ശ്രമമാകാമെന്നും കോടതി പറഞ്ഞു.

മുഖ്യവാതിലുകൾ, ദ്വാരപാലക ശിൽപങ്ങൾ, പീഠങ്ങൾ, മറ്റു പുരാവസ്തുക്കൾ എന്നിവയുടെ അളവെടുക്കാനും പകർപ്പു നിർമിക്കാനും ബോർഡ് അനുവദിച്ചത് ഞെട്ടിക്കുന്ന അനാസ്ഥയാണ്. 

ക്ഷേത്ര കലാവസ്തുക്കൾ മോഷ്ടിക്കുന്ന സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധരുടെ രീതിയോട് ഇതിനു സാദൃശ്യമുണ്ട്. രാജ്യാന്തര വിപണികളിൽ വൻ വിലയ്ക്കു വിൽക്കാവുന്നതാണ് ഇത്തരം പകർപ്പുകൾ. ക്ഷേത്ര വസ്തുക്കൾ അനധികൃതമായി കൈവശം വയ്ക്കാനും സംഘത്തെ ബോർഡ് അനുവദിച്ചെന്നും കോടതി പറഞ്ഞു. 

ദേവസ്വം മാനുവൽ, ഹൈക്കോടതിയുടെ ഉത്തരവ് തുടങ്ങിയവ കണക്കിലെടുക്കാതെയാണ് ഇൗ വർഷം സെപ്റ്റംബറിൽ ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയതെന്നു കോടതി പറഞ്ഞു.വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്നു ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമാണ്.ഇക്കാര്യം അറിയില്ലെന്ന് ബോർഡിന് പറയാനാകില്ല. അടിയന്തരമായി ചെയ്യേണ്ടത് എന്ന വ്യാജേനെയാണു നടപടികളെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments