മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി ചരിത്രവിജയം നേടിയിരിക്കുകയാണ്. ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി അധികാരമേല്‍ക്കുമ്പോള്‍ അത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്.
‘നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. ട്രംപിന്റെ ആരോപണങ്ങൾക്കും, മംദാനിയുടെ നിരീക്ഷണങ്ങൾക്കും സാക്ഷിയായ ന്യൂയോർക്ക് നഗരം ഇനി അദ്ദേഹത്തിന്‍റെ ഭരണത്തില്‍ എന്തെല്ലാം മാറ്റങ്ങളിലൂടെ കടന്നുപോകുമെന്നാണ് ലോകം തന്നെ ഉറ്റുനോക്കുന്നത്. 33 വയസുകാരനായ സൊഹ്‌റാൻ മംദാനി ആസ്‌റ്റോറിയ ആസ്ഥാനമായുള്ള അസംബ്ലിമാൻ ന്യൂയോർക്കിൽ തന്റെ നിലപാടുകളും, ഉറച്ച രാഷ്ട്രീയ ബോധവും കൊണ്ട് മികച്ച പേര് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങി നിരവധി ആശയങ്ങള്‍ മുന്നോട്ടു വച്ചാണ് മംദാനി ജനവിധി തേടിയത്.

