കെന്റക്കി: കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം കത്തിയമര്‍ന്നു. മൂന്ന് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ വിമാനം തീപിടിച്ച് കത്തിയമരുകയായിരുന്നു. യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. ജീവനക്കാരാണ് മരിച്ച മൂന്നു പേരും.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. വിമാനത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് എയർപോർട്ട് അടച്ചു. വ്യവസായ മേഖലയിലാണ് വിമാനം തകർന്ന് വീണത്. ഹവായിയിലേക്ക് പോകുകയായിരുന്ന വിമാനം റൺവേയിൽ നിന്ന് ഉയരുന്നതിനിടെ ഒരു ചിറകിൽ തീപിടുത്തമുണ്ടാവുകയും പിന്നീട് വലിയ തീഗോളമായി പൊട്ടിത്തെറിക്കുകയുമായിരുന്നു.

