തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമീഷണർ എൻ. വാസുവിനെ പ്രതി ചേർത്തു. കട്ടിളപ്പടി കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രത്യേക അന്വേഷണ സംഘം വാസുവിനെ മൂന്നാം പ്രതിയാക്കിയത്.
2019ൽ ദേവസ്വം കമീഷണറായിരുന്ന എൻ. വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം എസ്.ഐ.ടി വാസുവിനെ ചോദ്യം ചെയ്‌തിരുന്നു. എസ്.പി ശശിധരന്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം വിളിപ്പിക്കുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലാകുന്ന രണ്ടാമത്തെ മുൻ ദേവസ്വം കമീഷണറാണ് വാസു. കട്ടിളപ്പടികളിൽ സ്വർണം പൂശിനൽകാമെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 16ന് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി. സുധീഷ്കുമാർ ദേവസ്വം കമീഷണർ വാസുവിന് നൽകിയ ശിപാർശയിൽ ‘സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ’ എന്നാണ് രേഖപ്പെടുത്തിയത്.
വാസു ഫെബ്രുവരി 26ന് ദേവസ്വം ബോർഡിന് നൽകിയ ശിപാര്‍ശയില്‍ ‘സ്വര്‍ണം പൂശിയ’ എന്നത് ഒഴിവാക്കി ‘ചെമ്പുപാളികള്‍’ എന്നാക്കി. വാസുവിന്റെ ശിപാർശയെത്തുടർന്ന് 2019 മാർച്ച് 20ന് ചേർന്ന ദേവസ്വം ബോർഡ് തീരുമാനത്തിലും ചെമ്പുപാളികൾ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടുന്നെന്നാണുള്ളത്.

