വാഷിങ്ടൺ: അമേരിക്കൻ തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ പരസ്യം വിവാദത്തിൽ. എച്ച്-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് അമേരിക്കൻ തൊഴിലുകൾ വിദേശികൾ കയ്യടക്കുകയാണെന്ന ആരോപണവുമായാണ് പരസ്യം എത്തിയിരിക്കുന്നത്. ‘പ്രോജക്റ്റ് ഫയർവാൾ’ എന്ന പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിൽ, എച്ച്-1ബി വിസ വഴി കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അമേരിക്കൻ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നാണ് ആരോപണം.
പരസ്യത്തിൽ ഇന്ത്യക്കാരാണ് വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും 72 ശതമാനം വിസകളും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കുന്നു.ട്രംപ് ഭരണകൂടം അവതരിപ്പിച്ച പ്രോജക്റ്റ് ഫയർവാളിലൂടെ, എച്ച്-1ബി ദുരുപയോഗം നടത്തുന്ന കമ്പനികൾക്കെതിരെ കടുത്ത പരിശോധനകളും ഓഡിറ്റുകളും നടക്കുമെന്നാണ് സൂചന. അമേരിക്കൻ ജനതയ്ക്കായി അമേരിക്കൻ സ്വപ്നം തിരിച്ചുപിടിക്കുന്നു എന്നാണ് തൊഴിൽ വകുപ്പിൻ്റെ പരസ്യത്തിന്റെ പ്രധാന സന്ദേശം.

