സൂറിച്ച്: ഡേ കെയറിൽ 23കാരന്റെ കത്തിയാക്രമണം മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്. സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലാണ് സംഭവം. ഡേ കെയർ സെന്ററിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനിടയിലേക്ക് കയറിയ 23 വയസ് പ്രായമുള്ള ചൈനീസ് യുവാവാണ് ആക്രമണം നടത്തിയത്.
അക്രമിയെ കുട്ടികൾക്കൊപ്പമിണ്ടായിരുന്ന ഡേ കെയർ ജിവനക്കാരിയും ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് കീഴപ്പെടുത്തിയതാണ് വലിയ രീതിയിൽ അപകടമുണ്ടാവാതിരിക്കാൻ സഹായിച്ചത്. പൊലീസ് എത്തും വരെ യുവാവിനെ തടഞ്ഞുവെയ്ക്കാനും ഇവർക്ക് സാധിച്ചു. ആക്രമണത്തിൽ അഞ്ച് വയസുള്ള ഒരു കുട്ടിയുടെ പരിക്ക് അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം 12 മണിയോടെയായിരുന്നു ആക്രമണം.
സൂറിച്ചിന്റെ വടക്കൻ മേഖലയിലുള്ള ബെർണിയ ഷോപ്പിംഗ് സെന്ററിന് സമീപത്തെ ഡേ കെയറിലാണ് ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിന് പ്രേരകമായതെന്താണെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ മേഖലയിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. ഡേ കെയറിന് സമീപത്തെ കെട്ടിടങ്ങളിലും പൊലീസ് തെരച്ചിൽ നടത്തുകയാണ്.