വാഷിങ്ടൻ : ഷട്ട് ഡൗൺ തുടരുന്ന യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. അടച്ചുപൂട്ടൽ സമയത്ത് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി അനിശ്ചിതകാലത്തേക്ക് വിലക്കി. നേരത്തേ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച താത്കാലിക ഉത്തരവ് കോടതി സ്ഥിരപ്പെടുത്തുകയായിരുന്നു. പിരിച്ചുവിടലിനെ ചോദ്യം ചെയ്ത് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ട്രംപിന് തിരിച്ചടിയാകുന്ന കോടതി വിധി വന്നിരിക്കുന്നത്.
അതേസമയം, പിരിച്ചുവിടപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഹർജികൾ കേൾക്കാൻ ജില്ലാ കോടതിക്ക് അധികാരമില്ലെന്നാണ് സർക്കാർ അഭിഭാഷകരുടെ വാദം. ഡെമോക്രാറ്റിക് നേതാവായിരുന്ന മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ നാമനിർദ്ദേശം ചെയ്ത ജഡ്ജിയാണ് ഇൽസ്റ്റണെന്നും അധികാരപരിധിക്കു പുറത്താണ് അവരുടെ നടപടിയെന്നുമാണ് ട്രംപ് അനുകൂലികൾ പറയുന്നത്. അടച്ചുപൂട്ടലിന് പിന്നാലെ നൽകിയ പിരിച്ചുവിടൽ നോട്ടിസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുവരെ 4,100 ജീവനക്കാർക്കാണ് ട്രംപ് ഭരണകൂടം പിരിച്ചുവിടലിന് നോട്ടിസ് അയച്ചിരിക്കുന്നത്.

