ന്യൂഡൽഹി: യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ വർധന. 2022 മുതലുള്ള ഏറ്റവും ഉയർന്ന നിലയാണിപ്പോൾ. എണ്ണ ഇറക്കുമതിയിൽ റഷ്യയോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ട് ട്രംപുമായുള്ള വ്യാപാര അടുപ്പം കൂട്ടുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ചവരെ യുഎസിൽനിന്നുള്ള പ്രതിദിന ഇറക്കുമതി 5.4 ലക്ഷം വീപ്പ ആയിരുന്നു. ഈ മാസം അവസാനത്തോടെ ഇത് 5.7 ലക്ഷം വീപ്പ ആകുമെന്നാണ് പ്രതീക്ഷ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചയോളമായി അവകാശപ്പെടുന്നു. എന്നാൽ, ഇന്ത്യ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

