ഗസ്സ സിറ്റി: വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഗസ്സ ജനതയുടെ ദുരിതം അവസാനിക്കുന്നില്ല. വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള മൃതദേഹ കൈമാറ്റത്തിലും ഇസ്രായേൽ കരാർ ലംഘനം നടത്തിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം ആരോപിച്ചു.ഇസ്രായേൽ തിരിച്ചുനൽകിയ മൃതദേഹങ്ങളിൽ അധികവും തിരിച്ചറിയാനാകാത്തതായിരുന്നു. പല മൃതദേഹങ്ങളിലും ക്രൂര പീഡനം നടന്നതിന്റെ അടയാളങ്ങളുമുണ്ടായിരുന്നതായി ഗസ്സയിലെ ഫലസ്തീൻ സിവിലിയൻ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ കഴിഞ്ഞദിവസങ്ങളിൽ അടക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, വെടിനിർത്തലിനുശേഷവും ഗസ്സ ഉപരോധം പൂർണമായും പിൻവലിച്ചിട്ടില്ല. പലയിടത്തേക്കും ഇപ്പോഴും ഭക്ഷ്യസഹായം എത്തുന്നില്ല. ദക്ഷിണ ഗസ്സയിൽ ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിതന്നെ സമ്മതിച്ചിട്ടുണ്ട്. ഉപരോധം അവസാനിച്ച വടക്കൻ ഗസ്സയിലേക്ക് ഇതിനകം അഞ്ച് ലക്ഷം ഫലസ്തീനികൾ തിരിച്ചെത്തിയെന്ന് യു.എൻ അറിയിച്ചു.

