2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കിൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപുമായി ഏറ്റുമുട്ടി പരാജയപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസ് ഇനിയൊരങ്കത്തിന് ഉണ്ടാവില്ലെന്ന് കരുതിയവർക്ക് തെറ്റി. 2028ലെ തെരഞ്ഞെടുപ്പ് അങ്കത്തിന് താൻ ഉണ്ടാവുമെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ കമല സൂചന നല്‍കിയിരിക്കുകയാണ്. മുൻ വൈസ് പ്രസിഡന്റായ കമലയുടെ വാക്കുകൾ ഇങ്ങനെയാണ്, ‘ഭാവിയിൽ വൈറ്റ് ഹൗസിൽ ഒരു സ്ത്രീ ഭരണത്തിലെത്തുമെന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്, അത് ഞാനാവാനാണ് സാധ്യത’…
ഈ പ്രസ്താവനയോടെ കമല ഉറപ്പായും അടുത്ത തവണ മത്സരരംഗത്ത് ഉണ്ടാവുമെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. 2028ലെ ഡെമോക്രാറ്റിക്ക് നോമിനിയായി കമലയെത്താൻ സാധ്യത വളരെ കുറവാണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം. ബെറ്റിങ് മാർക്കറ്റുകളിൽ രണ്ട് ശതമാനം സാധ്യത മാത്രമാണ് കമലയ്ക്ക് കൽപ്പിക്കുന്നത്. എന്നാൽ കമലയുടെ വാക്കുകളിലുണ്ടായിരുന്നത് വലിയ ആത്മവിശ്വാസമാണ്. 2024ലെ തോൽവിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്ന ഒരു പ്രതീതിയാണ് കമല സൃഷ്ടിച്ചത്. ഇതിനിടയിൽ കാലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പിൽ കമല മത്സരിക്കുമെന്ന പ്രചാരണങ്ങൾ ഒരിടത്ത് നടന്നെങ്കിലും അവസാനം മാസങ്ങളോളം നീണ്ടുനിന്ന അനുമാനങ്ങൾ അവസാനിപ്പിച്ച് മത്സരിക്കില്ലെന്ന് കമല പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ അവരുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. അതേസമയം തന്നെ വൈറ്റ്ഹൗസിലേക്ക് എത്താൻ വീണ്ടുമൊരു ശ്രമം നടത്താൻ കമല ഒരുങ്ങിയതിന്റെ സാധ്യതയും അന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

