തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ടതില്‍ ഭിന്നിച്ചുനില്‍ക്കുന്ന സിപിഐ നിലപാടിലുറച്ച് മുന്നോട്ട്. വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാകുന്നു. സിപിഐ മന്ത്രിമാര്‍ പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ് രാജി സന്നദ്ധത അറിയിച്ചത്. മുന്നണി മര്യാദ ലംഘിച്ച് പി.എം ശ്രീയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതായാണ് സൂചന. വിഷയത്തില്‍ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് പി. പ്രസാദും കെ രാജനും രാജിസന്നദ്ധത അറിയിച്ചത്.
അതേസമയം ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണ് സിപിഎം. മുന്നണിമര്യാദ ലംഘിച്ചതില്‍ അതൃപ്തിയറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നല്‍കിയ കത്തിന് മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കിയിട്ടില്ല.
ധാരണാപത്രം ഒപ്പിട്ടതിന്റെ സാഹചര്യം വിശദീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ബിനോയ് വിശ്വത്തെ കണ്ടതിനപ്പുറം ഒരു ചര്‍ച്ചയും ഇതുസംബന്ധിച്ച് നടന്നിട്ടില്ല. അതിനാല്‍, തിങ്കളാഴ്ച രാവിലെ ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗം നിര്‍ണായകമാണ്. വഴങ്ങി മുന്നോട്ടുപോകാനുള്ള ഒരു സാഹചര്യവും മുന്‍പിലില്ലെന്ന് നേതാക്കളെല്ലാം ഒരേപോലെ വ്യക്തമാക്കി.
വിദേശയാത്രകഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാത്രി തിരിച്ചെത്തിയതോടെ പിഎം ശ്രീ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച സിപിഎം അടിയന്തര സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. അദ്ദേഹം സിപിഐ നേതൃത്വവുമായി ചര്‍ച്ചനടത്തുമെന്നാണ് സിപിഎം നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇതുള്‍പ്പെടെയുള്ള ആശയവിനിമയമൊന്നും സംസ്ഥാന സെക്രട്ടറിതലത്തില്‍ ഇരുപാര്‍ട്ടിയും തമ്മില്‍ നടന്നിട്ടില്ല.

