Friday, December 5, 2025
HomeAmericaഅമേരിക്കയിൽ വിദേശ പൗരന്മാരുടെ ഫേഷ്യല്‍-റെക്കഗ്‌നിഷന്‍ ഉറപ്പു വരുത്താൻ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍

അമേരിക്കയിൽ വിദേശ പൗരന്മാരുടെ ഫേഷ്യല്‍-റെക്കഗ്‌നിഷന്‍ ഉറപ്പു വരുത്താൻ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍

യുഎസിലേക്ക് എത്തുകയും യുഎസില്‍ നിന്നും പുറത്തേക്ക് പോകുകയും ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെയും ചിത്രമെടുത്ത് ഫേഷ്യല്‍-റെക്കഗ്‌നിഷന്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി). തങ്ങളുടെ ബയോമെട്രിക് ട്രാക്കിംഗ് സംവിധാനം വിപുലീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഫെഡറല്‍ രജിസ്റ്ററിലെ സമീപകാല വിജ്ഞാപനത്തില്‍ സിബിപി ഈ നിര്‍ണായക നീക്കം വ്യക്തമാക്കിയത്. അതായത് യുഎസിലേക്ക് പ്രവേശിക്കുന്ന വിദേശികള്‍ ഇനി കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയരാകുമെന്ന് സാരം.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ലാന്‍ഡ് ക്രോസിംഗുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം പ്രവര്‍ത്തിക്കും. യുഎസിലേക്ക് എത്തുമ്പോഴും ആ വ്യക്തി തിരികെ പോകുമ്പോഴും ബയോമെട്രിക് ഡാറ്റ താരതമ്യം നടത്തുന്ന ഒരു സംയോജിത ബയോമെട്രിക് എന്‍ട്രി-എക്‌സിറ്റ് സിസ്റ്റമാണ് നടപ്പിലാക്കുകയെന്ന് എന്ന് ഏജന്‍സി പറയുന്നു.

ദേശീയ സുരക്ഷാ അപകടസാധ്യതകള്‍, വഞ്ചനാപരമായ യാത്രാ രീതികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, നിയമാനുസൃത പ്രവേശനമോ പരോളോ ഇല്ലാതെ യുഎസില്‍ പ്രവേശിക്കല്‍ എന്നിങ്ങനെ എല്ലാ വിവരവും ഇതിലൂടെ അധികൃതര്‍ക്ക് കണ്ടെത്താനാകും. ഈ സംവിധാനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുഎസില്‍ നടത്തിവരുന്നുണ്ടെങ്കിലും അത് ചില വിദേശ പൗരന്മാരെ മാത്രമേ ലക്ഷ്യംവച്ചിരുന്നുള്ളൂ. എന്നാല്‍ ഇനിയിത് എല്ലാവര്‍ക്കും ബാധകമാകും.

ഫോട്ടോ എടുക്കല്‍ പ്രക്രിയയില്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 79 വയസ്സിനു മുകളിലുള്ളവര്‍ക്കും നിലവിലുള്ള ഇളവുകള്‍ ഇനി ഇല്ലാതാക്കുമെന്നും ഏജന്‍സി കൂട്ടിച്ചേര്‍ക്കുന്നു. കുടിയേറ്റക്കാര്‍, നിയമപരമായ സ്ഥിര താമസക്കാര്‍ (ഗ്രീന്‍ കാര്‍ഡ് ഉടമകള്‍), നിയമവിരുദ്ധമായി ഇവിടെ താമസിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ യുഎസ് പൗരന്മാരല്ലാത്ത എല്ലാവര്‍ക്കും ഈ നിയന്ത്രണം ബാധകമാകും. കൂടാതെ പ്രവേശന സമയത്തും പുറപ്പെടുമ്പോഴും ഈ വ്യക്തികളുടെ മുഖം തിരിച്ചറിയല്‍ ഫോട്ടോഗ്രാഫി നിര്‍ബന്ധമാക്കാന്‍ സിബിപിക്ക് അധികാരവുമുണ്ടാകും. ഒക്ടോബര്‍ 27 മുതല്‍ 60 ദിവസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് റെഗുലേറ്ററി ഡോക്യുമെന്റ് നിര്‍ദ്ദേശിക്കുന്നു.

അതേസമയം, 2020 നവംബറില്‍ സമാനമായ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചപ്പോള്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (ACLU), ദി ഇമിഗ്രന്റ് ഡിഫന്‍സ് പ്രോജക്റ്റ് (IDP) തുടങ്ങിയ പൗരാവകാശ ഗ്രൂപ്പുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയില്‍ പിശകുകള്‍ക്ക് സാധ്യതയുണ്ടെന്ന് ഈ അസോസിയേഷനുകള്‍ ചൂണ്ടിക്കാട്ടി. ആളുകളെ തെറ്റായി തിരിച്ചറിയപ്പെടുകയോ തടങ്കലില്‍ വയ്ക്കുകയോ അധിക പരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ പുതിയ നിയമവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ എതിര്‍പ്പ് ഉയരാമെന്നും നിയമപോരാട്ടത്തില്‍ കലാശിക്കാമെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments