തെൽ അവീവ്: ഇസ്രായേൽ പരമാധികാര രാഷ്ട്രമാണെന്നും സുരക്ഷാകാര്യങ്ങളിൽ സ്വന്തം തീരുമാനങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സയിലേക്ക് ഏതൊക്കെ രാജ്യങ്ങളുടെ സൈന്യങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്ന കാര്യത്തിൽ ഇസ്രായേൽ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സ വിഷയത്തിൽ യു.എസ് അമിതമായി ഇടപെടുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് നെതന്യാഹുവിന്റെ പരാമർശം.
“ഞാൻ വാഷിംഗ്ടണിലായിരുന്നപ്പോൾ, ആളുകൾ പറഞ്ഞത് അമേരിക്കൻ സർക്കാരിനെ നിയന്ത്രിക്കുന്നത് ഞാനാണെന്നും, അതിന്റെ സുരക്ഷാ നയം ഞാൻ നിർദ്ദേശിക്കുന്നുവെന്നുമാണ്. ഇപ്പോൾ അവർ നേരെ വിപരീതമാണ് പറയുന്നത്. അമേരിക്കൻ ഭരണകൂടം എന്നെ നിയന്ത്രിക്കുകയും ഇസ്രായേലിന്റെ സുരക്ഷാ നയം നിർദ്ദേശിക്കുകയും ചെയ്യുന്നുവെന്ന് ഇപ്പോൾ ആളുകൾ പറയുന്നു. ഇതു രണ്ടും ശരിയല്ലെന്ന് നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ ദിവസം ഐ.ഡി.എഫിന്റെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഹമാസാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ഇസ്രായേൽസേന തിരിച്ചടി തുടങ്ങുകയും ചെയ്തു. എന്നാൽ, പെട്ടെന്ന് തന്നെ ഇസ്രായേൽ ആക്രമണം നിർത്തി. യു.എസ് സമ്മർദമാണ് ഇതിന് പിന്നിലെന്ന് ഇസ്രായേലിൽ ആരോപണം ഉയർന്നിരുന്നു. ഇത്തരം ആരോപണങ്ങൾക്ക് കൂടിയാണ് നെതന്യാഹു ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
അതിനിടെ, ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ചാൻ ഫലസ്തീൻ രാഷ്ട്രത്തിന് ആയുധം കൈമാറാൻ തയാറാണെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ആവർത്തിച്ചു. ഹമാസിന്റെ ആയുധങ്ങൾ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് മറ്റു സായുധവിഭാഗങ്ങളും മധ്യസ്ഥരാജ്യങ്ങളുമായും ചർച്ച ചെയ്യും.
എന്നാൽ, അധിനിവേശം അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട ഫലസ്തീനി ഭരണസമിതിക്ക് അധികാരം കൈമാറാൻ ഹമാസ് തയാറാണ്. അതിർത്തി നിരീക്ഷിക്കാനും വെടിനിർത്തൽ ഉറപ്പുവരുത്താനും യു.എൻ സേന ഗസ്സയിലുണ്ടാകുന്നതിന് തങ്ങൾ എതിരല്ല. ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തുന്ന തോതിൽ തങ്ങൾ തൃപ്തരല്ല. പ്രതിദിനം 600 അല്ല, 6000 ട്രക്കുകളാണ് ഗസ്സക്ക് ആവശ്യം.

