വാഷിംഗ്ടണ്‍ : എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം കാരണം ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ നിര്‍ത്തിവച്ചതായി അറിയിപ്പു വന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ലോസ് ഏഞ്ചല്‍സിലേത്.ഫെഡറല്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ സമയത്ത് രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞതിന് പിന്നാലെയാണിത്.
ഞായറാഴ്ച ജീവനക്കാരുടെ കുറവ് കാരണം ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ടെറ്റെബോറോ എയര്‍പോര്‍ട്ടിലും ഫ്‌ളോറിഡയിലെ ഫോര്‍ട്ട് മെയേഴ്സിലുള്ള സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ടേക്ക് ഓഫ്, അറൈവല്‍ തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

