വാഷിങ്ടണ്‍: കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രവിശ്യയായ ഒണ്ടേറിയോയിലെ ഭരണകൂടം പ്രകോപനപരമായ പരസ്യം പുറത്തിറക്കുകയും ട്രംപ് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ തീരുവയെ എതിര്‍ത്തും സ്വതന്ത്രവ്യാപാരത്തെ അനുകൂലിച്ചും സംസാരിക്കുന്നതാണ് പരസ്യത്തിലുണ്ടായിരുന്നത്. പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ കാനഡയുടെ നടപടി അങ്ങേയറ്റം മോശമാണെന്നും പരസ്യത്തിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.
കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാനഡയ്‌ക്കെതിരെ 10 ശതമാനം തീരുവ ഉയര്‍ത്തുന്നതായി അറിയിച്ചത്. എന്നാല്‍ വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചതോടെ കനേഡിയന്‍ സര്‍ക്കാര്‍ പരസ്യം പിന്‍വലിച്ചിരുന്നു. യുഎസ്- കാനഡ ബന്ധത്തെ പരസ്യം പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപക വിമര്‍ശനവും ഉയരുകയാണ്.

