Friday, December 5, 2025
HomeNewsസിപിഐ ഉറച്ചു തന്നെ: പിഎം ശ്രീ പദ്ധതി റദ്ദാക്കണം എന്നാവശ്യവുമായി തന്നെ സിപിഐ

സിപിഐ ഉറച്ചു തന്നെ: പിഎം ശ്രീ പദ്ധതി റദ്ദാക്കണം എന്നാവശ്യവുമായി തന്നെ സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരു പാർട്ടികൾക്കും ഒരേ നിലപാടുള്ളപ്പോൾ എങ്ങനെ കരാർ ഒപ്പിട്ടുവെന്ന് ചോദിച്ച ഡി രാജ, കേരളം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചാണ് എംഎ ബേബി പ്രതികരിച്ചത്. പിഎം ഉഷ പദ്ധതി കേരളത്തിൽ നടപ്പാക്കിയപ്പോൾ യാതൊരു പ്രശ്നവും ഉണ്ടായില്ലെന്നും, വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണം തടയുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുടെ റദ്ദാക്കൽ ആവശ്യം സംസ്ഥാന ഘടകങ്ങൾ ചർച്ച ചെയ്യട്ടെയെന്നും, ഇരു പാർട്ടികളും ഒരുമിച്ച് ചർച്ച നടത്തുമെന്നും എംഎ ബേബി പറഞ്ഞു. മാധ്യമങ്ങൾ പ്രശ്നം പരിഹരിക്കാൻ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാർ ഒപ്പിട്ടതിനെക്കുറിച്ച് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.

വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇടപെടില്ലെന്ന സൂചനയാണ് എംഎ ബേബിയുടെ പ്രതികരണത്തിലൂടെ വ്യക്തമാവുന്നത്. സിപിഐ ആവശ്യപ്പെട്ടത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലായിരുന്നെങ്കിലും, ഇത് സംസ്ഥാന തലത്തിൽ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് സിപിഎം നിലപാട്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണം, വർഗീയവത്കരണം, കേന്ദ്രവത്കരണം എന്നിവ തടയണമെന്നും, കരാർ റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ വേണമെന്നുമാണ് സിപിഐയുടെ പ്രധാന ആവശ്യങ്ങൾ. ഈ വിവാദം ഇടതുമുന്നണിയിലെ ഐക്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments