തിരുവനന്തപുരം: ജില്ലയിലെ പൊഴിയൂര്‍ മുതല്‍ കാപ്പില്‍ വരെയുള്ള തീരദേശ ഹൈവേയുടെ ഭൂമി ഏറ്റെടുക്കലും ഘടനാപരമായ വിലയിരുത്തലും ചൊവ്വാഴ്ച ആരംഭിച്ചു. തിരുവനന്തപുരം-കാസര്‍കോട് തീരദേശ ഹൈവേയുടെ മൊത്തത്തിലുള്ള ഇടനാഴി തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തുള്ള പൊഴിയൂരില്‍ നിന്ന് ആരംഭിച്ച് കാസര്‍കോടിനടുത്ത് കുഞ്ചത്തൂര്‍ വരെയാണ്. മൊത്തം നീളം 620 മുതല്‍ 650 കിലോമീറ്റര്‍ വരെയായിരിക്കും എന്നാണ് വിലയിരുത്തല്‍.
പ്രാരംഭ ചെലവ് ഏകദേശം 6,500 കോടി രൂപയായിരുന്നു. പദ്ധതി കാലതാമസവും ഭൂമിയുടെ വിലയിലെ വര്‍ധനവും കാരണം ചെലവ് വര്‍ധിച്ചതിനാല്‍, നടപ്പാക്കല്‍ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) ഭൂമി ഏറ്റെടുക്കലിനുള്ള പുതുക്കിയ ചെലവ് എസ്റ്റിമേറ്റ് സാമ്പത്തിക അംഗീകാരത്തിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) സമര്‍പ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന നാല് റീച്ചുകളുടെ ആകെ ചെലവ് അവലോകനം ചെയ്യുന്നതിനായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് & റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) ഈ മാസം ആദ്യം കെആര്‍എഫ്ബിക്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സമര്‍പ്പിച്ചതായാണ് വിവരം.
‘2025 ഡിസംബറോടെ ടെന്‍ഡര്‍ തയ്യാറാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഡിപിആര്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അത് അവലോകനം ചെയ്യുകയാണ്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഒരേസമയം നടക്കുന്നുണ്ട്. കിഫ്ബി അംഗീകാരത്തിനുശേഷം ഞങ്ങള്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. കിഫ്ബി അവലോകനത്തിന് കുറച്ച് സമയമെടുത്തേക്കാം,’ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെഎസ്സിഎഡിസി) മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഒരു സര്‍വേ നടത്തിയിരുന്നു. മിക്ക മത്സ്യത്തൊഴിലാളികളും സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകളിലേക്ക് മാറ്റുന്നതിനേക്കാള്‍ പണമായി നഷ്ടപരിഹാരം കൈപ്പറ്റുന്നതിനാണ് ഇഷ്ടപ്പെടുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തി. ഈ ഫീഡ്ബാക്ക് പുനരധിവാസ പാക്കേജിന് സങ്കീര്‍ണത വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇത് പുരോഗതി വൈകിപ്പിച്ചു. പദ്ധതി ഉപജീവനമാര്‍ഗത്തിന് ഭീഷണിയാകുമെന്നും തീരദേശ ആവാസവ്യവസ്ഥയെ തടസപ്പെടുത്തുമെന്നും ഭയന്ന പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പാണ് കാലതാമസത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അത്തരം ആശങ്കകള്‍ ലഘൂകരിക്കുന്നതിന്, സാമൂഹിക ആഘാത പഠനങ്ങള്‍ കമ്മീഷന്‍ ചെയ്യുകയും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ മാത്രം, കെആര്‍എഫ്ബിയുടെ പദ്ധതി നിര്‍വ്വഹണത്തെ ഇനി പറയുന്ന നാല് മേഖലകളായി തിരിച്ചിരിട്ടുണ്ട്. റീച്ച് I-അടിമലത്തുറ മുതല്‍ മുക്കോല, വിഴിഞ്ഞം, കോവളം വഴി കുമരിച്ചന്ത വരെ. റീച്ച് II- കുമിച്ചന്ത മുതല്‍ കാപ്പില്‍ വരെ. റീച്ച് III ഭൂമി ഏറ്റെടുക്കല്‍ ബുദ്ധിമുട്ടുള്ളതും (812 മീറ്റര്‍ റോഡ് വീതി വിഭാഗം) വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതുമായ ഭാഗങ്ങള്‍. റീച്ച് IV ഒന്നാംപാലം മുതല്‍ കാപ്പില്‍ വരെ (അല്ലെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ ബദല്‍ അലൈന്‍മെന്റ്).

