തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ മഹാസമാധിയുടെ മൂന്നു വര്‍ഷം നീളുന്ന ശതാബ്ദി ആചരണം വര്‍ക്കല ശിവഗിരിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. മഹാസമാധിയില്‍ രാഷ്ട്രപതി പ്രണാമം അര്‍പ്പിച്ചു. ഗവര്‍ണറും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുവിന്റേതെന്ന് തീര്‍ഥാടക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ രാഷ്ട്രപതി പറഞ്ഞു.
അദ്ദേഹത്തിന്റെ ആശയങ്ങള്‍ മതത്തിനും ജാതിക്കുമപ്പുറത്തേക്കു വ്യാപിച്ചു. വിദ്യയും സഹാനുഭൂതിയും കൊണ്ടു മാത്രമേ പ്രബുദ്ധരാകാന്‍ കഴിയൂ എന്ന സന്ദേശമാണ് ഗുരു നല്‍കിയത്. സ്വയം ശുദ്ധീകരണം, ലാളിത്യം, സാര്‍വലൗകിക സ്‌നേഹം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവച്ച സന്ദേശങ്ങള്‍. സമകാലിക സാഹചര്യത്തില്‍ ഗുരുവിന്റെ സാഹോദര്യം സമത്വം തുടങ്ങിയ ആശയങ്ങള്‍ ഏറെ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഇക്കാലഘട്ടത്തില്‍ മാനവികത നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഗുരുവിന്റെ വാക്കുകളെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ടുപോകാമെന്നും രാഷ്ട്രപതി പറഞ്ഞു.

