ന്യൂയോർക്ക് : വീസ മാറ്റത്തിനോ വീസ നീട്ടിക്കിട്ടാനോ അപേക്ഷിക്കുന്നവർക്ക് എച്ച്1ബി വീസയുടെ ഉയർത്തിയ നിരക്ക് ബാധകമല്ലെന്ന് യുഎസ് അധികൃതർ അറിയിച്ചു. എച്ച്1ബി വീസ അപേക്ഷാ ഫീ ഒരു ലക്ഷം ഡോളറാക്കി ഉയർത്തി ട്രംപ് ഭരണകൂടം സെപ്റ്റംബർ 19നു മാർഗനിർദേശങ്ങൾ പുതുക്കിയിരുന്നു.
ഇതു നിലവിൽ സാധുവായ എച്ച്1ബി വീസയിലുള്ളവർക്കു ബാധകമാവില്ലെന്നാണ് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തത വരുത്തിയത്. 2025 സെപ്റ്റംബർ 21നു മുൻപു സമർപ്പിച്ച അപേക്ഷകൾക്കും ഉയർന്ന ഫീ ആവശ്യമില്ല. നിലവിൽ എച്ച്1ബി വീസയിലുള്ളവർക്ക് യുഎസിനകത്തോ പുറത്തോ സഞ്ചരിക്കുന്നതിനു തടസ്സമില്ല.
അതുപോലെ, വിദ്യാർഥി വീസയിലുള്ളവർ (എഫ്1) രാജ്യം വിടാതെതന്നെ എച്ച്1ബി വീസയിലേക്കു മാറാൻ അപേക്ഷിക്കുമ്പോഴും ഉയർന്ന നിരക്ക് ബാധകമല്ല. അമേരിക്കയ്ക്കു പുറത്തുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ മാത്രമാണ് ഉയർന്ന നിരക്ക് നൽകേണ്ടതെന്ന് അധികൃതർ വിശദീകരിച്ചു.

