വാഷിങ്ടൺ: അമേരിക്കയുടെ ഭരണസിരാ കേന്ദ്രമായ വൈറ്റ്ഹൗസിൻ്റെ ഈസ്റ്റ് വിംഗ് പൊളിച്ചു തുടങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ബോൾറൂമിന്റെ നിർമ്മാണം തിങ്കളാഴ്ച ആരംഭിച്ചതോടെയാണ് ഈസ്റ്റ് വിംഗ് പൊളിച്ചു തുടങ്ങിയത്. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വൈറ്റ് ഹൗസ് നവീകരണങ്ങളിൽ ഒന്നാണിതെന്നും പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ വെസ്റ്റ് വിംഗ് നിർമ്മിച്ചതിനുശേഷം ഇത്രയും വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ നേരത്തെയും ട്രംപ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബാള്‍ റൂം നിർമാണം പൂർത്തിയാകുന്നതോടെ വൈറ്റ് ഹൗസിന്റെ വിസ്തൃതി ഇരട്ടിയാകുമെന്നും രൂപഭംഗി പൂർണ്ണമായും മാറുമെന്നുമാണ് റിപ്പോർട്ടുകൾ.
ബുൾഡോസറുകൾ എത്തിയാണ് ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റുന്നത്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്. ഈസ്റ്റ് വിംഗിന്റെ ചുവരുകൾ ഒരു വലിയ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പൊളിച്ചുമാറ്റി.

