ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. എച്ച് 1 ബി വിസയിൽ ഏർപ്പെടുത്തിയ ഫീസ് വർധനയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. 2025 സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12:01 ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ അതുവരെ സാധുവായ വിസയിൽ യു എസിലുള്ളവർക്കോ ട്രംപ് ഏർപ്പെടുത്തിയ 100,000 ഡോളർ ഫീസ് വർധനവ് ബാധിക്കില്ലെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കി.
എച്ച് 1 ബി വിസ സ്റ്റാറ്റസ് ഉടമകൾക്കോ, എഫ് 1 സ്റ്റുഡന്റ് വിസയിൽ നിന്ന് മാറുന്നവർക്കോ എൽ 1 ഇൻട്രാ – കമ്പനി ട്രാൻസ്ഫറുകൾക്കോ ട്രംപ് ഏർപ്പെടുത്തിയ ഫീസ് വർധനവ് ബാധകമാകില്ലെന്നും യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ( യു എസ് സി ഐ എസ് ) വ്യക്തമാക്കി.ഇത് അമേരിക്കയിലുള്ള ആയിരക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം നൽകുന്നതാണ്. അമേരിക്കയിലേക്ക് പോകാനിരുന്ന ഇന്ത്യൻ പ്രൊഫഷണലുകളുടെയും വിദ്യാർഥികളുടെയും ആശങ്കയ്ക്കും ഇതോടെ പരിഹാരമാകും.
2025 സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12:01 ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകരോ അതുവരെ സാധുവായ വിസയിൽ യു എസിലുള്ളവർക്കോ വിസ പുതുക്കലോ നീട്ടലോ അപേക്ഷിക്കുമ്പോൾ പുതിയ ഫീസ് അടയ്ക്കേണ്ടതില്ല. എച്ച് 1 ബി ഉടമകൾക്ക് നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനും പുറത്തുപോകാനും അനുവാദമുണ്ടെന്നും യു എസ് സി ഐ എസ് വിശദീകരിച്ചു.
ഭരണകൂടത്തിൻ്റെ ഈ പുതിയ ഇളവ് സ്റ്റാറ്റസ് മാറ്റത്തിനായി അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്കെല്ലാം ആശ്വാസമാണ്. നിലവിൽ എച്ച് 1 ബി വിസയിൽ 300,000 ത്തോളം ഇന്ത്യക്കാർ യു എസിലുണ്ട്. പുതിയ എച്ച് 1 ബി വിസകളിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്. ഇവർക്കൊന്നും ഒരു ലക്ഷം ഡോളർ ഫീസ് വർധനവ് ബാധകമാകില്ലെന്നതാണ് ആശ്വാസം. ഇന്ത്യക്കാർ കഴിഞ്ഞാൽ ചൈനീസ് പൗരന്മാർക്കാണ് ഏറ്റവും കൂടുതൽ എച്ച് 1 ബി വിസയുള്ളത്. 215 മുതൽ 5000 ഡോളർ വരെയുള്ള ഫീസാണ് 2025 സെപ്റ്റംബര്‍ 21 വരെ ഉണ്ടായിരുന്നത്.

