പട്ന: ബിഹാറിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ഇൻഡ്യ മുന്നണി സ്ഥാനാർഥികൾ ഉടൻ അറസ്റ്റിലാകുന്ന സംഭവം തുടർക്കഥയാകുന്നു.കഴിഞ്ഞ ദിവസം സി.പി.ഐ (എം.എൽ)ന്റെ രണ്ട് സ്ഥാനാർഥികൾ അറസ്റ്റിലായിരുന്നു. തിങ്കളാഴ്ച സാസാറാം നിയോജകമണ്ഡലത്തിൽ പത്രിക സമർപ്പിച്ചയുടൻ ആർ.ജെ.ഡി സ്ഥാനാർഥി സതീന്ദ്ര സാഹും അറസ്റ്റിലായി. 20 വർഷം മുമ്പ് ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് പൊലീസ് ഫയൽ ചെയ്ത കേസിൽ വാറന്റ് നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
2018ൽ സതീന്ദ്രക്കെതിരെ സ്ഥിരംവാറന്റ് പുറപ്പെടുവിച്ചതായി ഝാർഖണ്ഡ് പൊലീസ് പറഞ്ഞു. ബോറെയിലെ സ്ഥാനാർഥി ജിതേന്ദ്ര പാസ്വാൻ, ദറൗളിയിൽ പത്രിക നൽകിയ സത്യദിയോ റാം എന്നീ സി.പി.ഐ (എം.എൽ) നേതാക്കളാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്.നാമനിർദേശ പത്രിക സമർപ്പിച്ചയുടനുള്ള അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും പല കേസുകളും കെട്ടിച്ചമച്ചതാണെന്നും സി.പി.ഐ (എം.എൽ) പ്രസ്താവനയിൽ വ്യക്തമാക്കി. സതീന്ദ്ര സാഹിന്റെ അറസ്റ്റിൽ ആർ.ജെ.ഡിയും പ്രതിഷേധവുമായി രംഗത്തെത്തി.

