വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് ജനവിരുദ്ധ നീക്കങ്ങളെന്ന് ആരോപിച്ച് തെരുവിലിറങ്ങി അമേരിക്കൻ ജനത. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ജനാധിപത്യവിരുദ്ധമെന്ന മുദ്രാവാക്യമുയർത്തി വാഷിംഗ്ടണിലും മറ്റ് പ്രമുഖ നഗരങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. ‘നിങ്ങൾ രാജാവല്ല’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജൂണിലാണ് ആദ്യത്തെ ‘നോ കിംഗ്‌സ്’ പ്രതിഷേധം നടന്നത്. ട്രംപ് ഭരണകൂടത്തിന്റെ ചില വിവാദ നീക്കങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ പീഡനത്തിന് ഇരയാക്കൽ, ഒന്നിലധികം യുഎസ് നഗരങ്ങളിൽ ഫെഡറൽ സൈനികരെ വിന്യസിക്കൽ എന്നി നടപടികൾക്കെതിരെയാണ് പ്രതിഷേധം. പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമായി.ചിക്കാഗോ, ബോസ്റ്റൺ, അറ്റ്‌ലാന്റ എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ അണിനിരന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

