മോസ്‌കോ: യുഎസിന്റെ എഫ്-22 റാപ്റ്റര്‍, എഫ്-35 എന്നീ യുദ്ധവിമാനങ്ങള്‍ ലോകത്ത് ഇന്നുള്ളതിൽവെച്ച് മികച്ച അഞ്ചാം തലമുറ യുദ്ധവിമാനങ്ങളാണ്. നാറ്റോ അംഗങ്ങള്‍ക്കും സൗഹൃദ രാജ്യങ്ങള്‍ക്കും യുഎസ് എഫ്-35 നല്‍കുമെങ്കിലും ഇരട്ട എന്‍ജിന്‍ യുദ്ധവിമാനമായ എഫ്-22 റാപ്റ്റര്‍ അവര്‍ ആര്‍ക്കും നല്‍കിയിട്ടില്ല.
വ്യോമസേനാ കരുത്തില്‍ മുന്നില്‍ നില്‍ക്കുന്ന യുഎസിന് കടുത്ത മത്സരമുയര്‍ത്താനാണ് റഷ്യ എസ്.യു-57 ഫെലോണ്‍, എസ്.യു-75 ചെക്‌മേറ്റ് എന്നീ യുദ്ധവിമാന പദ്ധതി പ്രഖ്യാപിച്ചത്. ഇതില്‍ എസ്.യു-57 ഉത്പാദനം തുടങ്ങിയെങ്കിലും എസ്.യു-75 ചെക്‌മേറ്റ് ഇതുവരെ യാഥാര്‍ഥ്യമായിരുന്നില്ല. ഇപ്പോഴിതാ എസ്.യു-75 ചെക്‌മേറ്റ് എന്ന യുദ്ധവിമാനം അതിന്റെ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം ഉടന്‍ തന്നെ നടക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
എസ്.യു- 57 ഫെലോണ്‍ യുദ്ധവിമാനത്തിന് പൂരകമായി പ്രവര്‍ത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സിംഗിള്‍ എഞ്ചിന്‍, അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമാണ് ചെക്‌മേറ്റ്. ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിര്‍മാണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (UAC) ആണ് യുദ്ധവിമാനത്തിന്റെ നിര്‍മാതാക്കള്‍. യുഎസ് വ്യോമസേനയുടെ എഫ്-22 റാപ്റ്റര്‍, എഫ്-35 ലൈറ്റ്നിംഗ്-2 എന്നിവയെപ്പോലെ പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനമാണ് ചെക്‌മേറ്റ്. ആഭ്യന്തര ഉപയോഗത്തിന് പുറമെ ഇന്ത്യയുള്‍പ്പെടെയുള്ള സുഹൃദ്‌രാജ്യങ്ങളിലേക്ക് കയറ്റുമതിയും റഷ്യ ലക്ഷ്യമിടുന്നുണ്ട്.
യുഎസിന്റേയോ ചൈനയുടേയോ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് സിംഗിള്‍ എന്‍ജിന്‍ സ്‌റ്റെല്‍ത്ത് വിമാനമായ എസ്.യു-75 ചെക്‌മേറ്റിനെ റഷ്യ വികസിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് റഷ്യ ഒരു സിംഗിള്‍ എന്‍ജിന്‍ യുദ്ധവിമാനം വികസിപ്പിക്കുന്നത് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. 2021-ലാണ് ചെക്‌മേറ്റിന്റെ മാതൃക റഷ്യ വെളിപ്പെടുത്തിയത്. എസ്.യു-57 നെ അടിസ്ഥാനമാക്കിയുള്ള ഒരു ലൈറ്റ് ടാക്റ്റിക്കല്‍ യുദ്ധവിമാനമാണിത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2027-ല്‍ പറക്കല്‍ പരീക്ഷണം ആരംഭിക്കുമെന്നും പരിശോധനകള്‍ കൃത്യമായി നടന്നാല്‍ 2020-കളുടെ അവസാനത്തില്‍ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്നുമാണ് വിവരം.
നിലവില്‍ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാന മേഖലയില്‍ റഷ്യ കടുത്ത മത്സരം നേരിടുന്നുണ്ട്. യുഎസ് എ35 പ്രോഗ്രാം ലോകമെമ്പാടുമായി 1,000 യൂണിറ്റുകള്‍ എന്ന എണ്ണം മറികടന്ന് അഞ്ചാം തലമുറ യുദ്ധവിമാന വിപണിയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ ജെ-35 ഇതിനകം തന്നെ വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി ഉത്പാദനം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനില്‍നിന്ന് ആദ്യത്തെ കയറ്റുമതി ഓര്‍ഡറുകള്‍ ജെ-35 നേടിയതായും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ റഷ്യയുടെ എസ്.യു-57 യുദ്ധവിമാനത്തിന്റെ പ്രകടനവും വിശ്വാസ്യതയും ആശ്രയിച്ചിരിക്കും എസ്.യു-75 ചെക്‌മേറ്റിന്റെ ഭാവിയും.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ പാശ്ചാത്യ, ചൈനീസ് യുദ്ധവിമാനങ്ങള്‍ കൂടുതലായി വില്‍ക്കപ്പെടുന്നത് പ്രതിരോധിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.

