വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി വൈറ്റ് ഹൗസിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. പുട്ടിനുമായുള്ള ചർച്ചകളിൽ കാര്യമായ മുന്നേറ്റമുണ്ടായതായി ട്രംപ് പറഞ്ഞു.
യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ താനും പുട്ടിനും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ് പറഞ്ഞു. ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. നേരത്തെ, വിഷയത്തിൽ ഇരുനേതാക്കളും ഓഗസ്റ്റ് 15ന് അലാസ്ക്കയിൽ ചർച്ച നടത്തിയിരുന്നു. ഗാസയിൽ സമാധാനക്കരാർ കൊണ്ടുവന്നതിൽ പുട്ടിൻ തന്നെ അഭിനന്ദിച്ചതായി ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനം യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതിനും സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.
യുഎസിൽനിന്നു കൂടുതൽ സൈനികസഹായം തേടിയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചക്കെത്തുന്നത്. യുഎസ് നിർമിത ടോമഹോക് മിസൈലുകൾക്കായി സെലൻസ്കി ട്രംപിനോട് ആവശ്യപ്പെടും. ടോമഹോക് മിസൈലുകൾ യുക്രെയ്ന് നൽകുന്നതുമായി ബന്ധപ്പെട്ട് പുട്ടിൻ ട്രംപുമായി സംസാരിച്ചതായി പുട്ടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂരി ഉഷകോവ് പറഞ്ഞു. മിസൈൽ നൽകിയാൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തിന് വലിയ തകരാർ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

