ന്യൂഡല്‍ഹി : റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന് കേന്ദ്രസര്‍ക്കാര്‍.
”എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരായ രാജ്യമാണ് ഇന്ത്യ. ഊര്‍ജം ആവശ്യമായ സാഹചര്യത്തില്‍, ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്” വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യയുമായി ഇന്ത്യ വ്യാപാര ബന്ധം പുലര്‍ത്തുന്നത് ചൂണ്ടിക്കാട്ടി ശിക്ഷാ തീരുവ ചുമത്തി മാസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം എത്തുന്നത്. പുടിന്‍ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ യുദ്ധം നിര്‍ത്തണമെന്ന് താന്‍ ആഗ്രഹിച്ചുവെന്നും, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നത് എളുപ്പമാകുമെന്നും ട്രംപ് പറഞ്ഞു

