കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ അഞ്ച് യു.ഡി.എഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടയിലെ സംഘർഷത്തിലാണ് പേരാമ്പ്ര പൊലീസിന്‍റെ നടപടി. ചൊവ്വാഴ്ച രാത്രിയിലും ഇന്ന് രാവിലെയുമായി കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ ദിവസത്തെ സംഘർഷത്തിലും സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിലുമായി രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രണ്ട് കേസുകളിലായാണ് അഞ്ച് യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണവും എറിഞ്ഞവരെ കുറിച്ചും ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇക്കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് നിഗമനം. കൂടാതെ, ശാസ്ത്രീയ പരിശോധനയിലൂടെ സ്ഫോടകവസ്തു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് രംഗത്തെത്തി. എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പേരാമ്പ്രയിൽ നടക്കാനിരിക്കെവടകര റൂറൽ പൊലീസിന് ലഭിച്ച നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികളെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
കൂടാതെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ നയിക്കുന്ന കെ.പി.സി.സിയുടെ വിശ്വാസ സംരക്ഷണ യാത്ര ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് കടക്കുന്ന സാഹചര്യത്തിലുമാണ് പൊലീസ് നടപടി. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
പേരാമ്പ്രയില്‍ സ്‌ഫോടകവസ്തു എറിഞ്ഞെന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ലെന്നും ഷാഫി പറമ്പിലിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യം കേരളം കണ്ടതാണെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

