Friday, December 5, 2025
HomeAmericaമസ്കിന്റെ സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നാളെ: ലക്ഷ്യം ചന്ദ്രനിലേക്കും...

മസ്കിന്റെ സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നാളെ: ലക്ഷ്യം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കൽ

ടെക്‌സസ്: ഇലോൺ മസ്കിൻ്റെ സ്‌പേസ് എക്‌സിന്‍റെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ പതിനൊന്നാം പരീക്ഷണ വിക്ഷേപണം ഒക്‌ടോബര്‍ 14ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45ന് നടക്കും. ദക്ഷിണ ടെക്‌സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസിലാകും സ്റ്റാര്‍ഷിപ്പ് പരീക്ഷണമെന്നാണ് അറിയിപ്പ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ടാണ് മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പ് തയ്യാറാക്കുന്നത്.

2025-ലെ അഞ്ചാമത്തെ സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിനാണ് സ്‌പേസ് എക്‌സ് ഒരുങ്ങുന്നത്. ഓര്‍ബിറ്റല്‍ ലോഞ്ചും പൂര്‍ണമായ വെഹിക്കിള്‍ റിക്കവറിയും അടക്കം സ്‌പേസ് എക്‌സിന് നിര്‍ണായകമാണ് 11-ാം സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് ടെസ്റ്റ്. ഗ്രഹാന്തര റോക്കറ്റിന്‍റെ 10-ാം പരീക്ഷണം ഓഗസ്റ്റ് 27ന് വിജയകരമായിരുന്നു.

ബഹിരാകാശ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പിന് 121 മീറ്ററാണ് ഉയരം. താഴെ സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളില്‍ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ഭീമാകാരന്‍ റോക്കറ്റിനുള്ളത്.

സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയും. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് സ്പേസ് എക്‌സ് പദ്ധതി നടപ്പിലാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments