പട്ന : ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. സഖ്യത്തിലെ മുഖ്യ കക്ഷികളായ ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ 29 സീറ്റിന് അപ്പുറം നൽകാനാവില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയാണ് ആറു സീറ്റുകളിൽ ഒതുങ്ങിയത്.
ഇന്ത്യാ സഖ്യത്തിൽ കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 55-ഓളം സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 144 സീറ്റുകളിൽ മത്സരിച്ച ആർജെഡി 135 എണ്ണത്തിൽ മത്സരിച്ചേക്കും. സിപിഐ (എംഎൽ) 30 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ 24 സീറ്റും സിപിഎം 11 സീറ്റും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനി ഇടഞ്ഞു നിൽക്കുന്നതും ഇന്ത്യാ സഖ്യത്തിനു തലവേദനയാണ്. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ആർജെഡി നേതാവ് തേജസ്വി യാദവ് നേരിട്ട് ചർച്ച നടത്തുന്നതായാണറിയുന്നത്. എൻഡിഎ സീറ്റു വിഭജനം പൂർത്തിയായതോടെ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്നാണ് ആകാംക്ഷ.

