കാലിഫോർണിയ: കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 5 പേർക്ക് പരുക്കേറ്റതായി വിവരം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പസഫിക് കോസ്റ്റ് ഹൈവേ (പിസിഎച്ച്) ൻ്റെയും ഹണ്ടിംഗ്ടൺ സ്ട്രീറ്റിന്റെയും സമീപമാണ് അപകടമുണ്ടായത്. ഇവിടുത്തെ ഹയാത്ത് റീജൻസി ഹോട്ടലിന്റെ മുൻവശത്തുള്ള മരങ്ങളിൽ അവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് വിവരം.
ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്ന രണ്ട് പേരെ ഹണ്ടിംഗ്ടൺ ബീച്ച് പൊലീസ് സുരക്ഷിതമായി പുറത്തെടുത്തു. ഇവരെക്കൂടാതെ തെരുവിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. അഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി പ്രദേശത്ത് പ്രവേശിക്കുന്നത് നിയന്ത്രിച്ചിരിക്കുകയാണ്.

