തിരുവനന്തപുരം: ഉദ്ഘാടനച്ചടങ്ങിൽ ആളില്ലാത്തതിന്‍റെ പേരിൽ ചടങ്ങ് റദ്ദാക്കി പിണങ്ങിയിറങ്ങിയതിന്‍റെ ചൂട് വിടാതെ മന്ത്രി കെ.ബി ഗണേഷ്കുമാർ. കഴിഞ്ഞ 29ന് മാറ്റിവെച്ച പരിപാടി പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വീണ്ടും നടത്തിയപ്പോൾ മൂന്നു മണിക്കൂറോളം ഉദ്യോഗസ്ഥരെ കനത്ത വെയിലിൽ നിർത്തിപ്പൊരിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങാണ് അരിശം തീർക്കലിന് വേദിയായത്. പൊരിവെയിലിൽ ഉദ്യോഗസ്ഥരിൽ ഒരാൾ കുഴഞ്ഞു വീഴുകയും ചെയ്തു.
സദസ്സിൽ ആളില്ലാത്തതിന്‍റെ പേരിൽ മുടങ്ങിയ ചടങ്ങ് വീണ്ടും നടത്തിയത് ഉദ്യോഗസ്ഥരുടെ കനത്ത ജാഗ്രതയിലാണ്. ഗതാഗത കമീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടിറങ്ങി. വാഹനങ്ങള്‍ അണിനിരത്തി ഫോട്ടോ ഷൂട്ടിനുള്ള സൗകര്യം ഒരുക്കി. ചടങ്ങ് പകര്‍ത്താന്‍ ഡ്രോണ്‍ ഉള്‍പ്പെടെ സജ്ജീകരിച്ചു. ആളില്ലാത്തതിന്‍റെ കുറവ് നികത്താൻ ഉദ്യോഗസ്ഥരെ ഒന്നാകെ പേരൂർക്കടയിലെത്തിച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ചടങ്ങിന് എത്താന്‍ വേണ്ടി തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് പേരൂര്‍ക്കടയിലേക്ക് ബസുകളും ക്രമീകരിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടകനായ മന്ത്രിയെ വരവേറ്റത്. മന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഒമ്പതര മുതല്‍ വെയിലത്ത് കാത്ത് നില്‍ക്കുകയായിരുന്നു. 10.30 നാണ് മന്ത്രി എത്തിയത്. കനകക്കുന്നിലെ ചടങ്ങില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം ഓണാക്കി എ.സി ഇട്ട് അകത്തിരുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. റദ്ദാക്കിയ ചടങ്ങില്‍ കാഴ്ചക്കാര്‍ ഇല്ലാതിരുന്നതിനെ മന്ത്രി വീണ്ടും കുറ്റപ്പെടുത്തി. ‘ഈ ജീവനക്കാര്‍ നേരത്തെ എവിടെയായിരുന്നു’ എന്നായിരുന്നു ജീവനക്കാരെ നോക്കി മന്ത്രിയുടെ ചോദ്യം.

