തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ ഇന്ന് അന്തിമറിപ്പോർട്ട് സമർപ്പിക്കും.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പതിച്ച പാളികൾ ദേവസ്വം മഹസറിൽ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി രേഖപ്പെടുത്തിയ അന്നത്തെ അഡ്മിനിട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ഈ രേഖയുടെ അടിസ്ഥാനത്തിൽ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, വിരമിച്ച രണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർ, തിരുവാഭരണം കമീഷണർ, ഒരു അഡ്മിനിട്രേറ്റീവ് ഓഫീസർ, നിലവിൽ സർവീസിലുള്ള എൻജിനീയർ എന്നിവർക്ക് വീഴ്ചയുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറുന്നതിന് നടന്നിട്ടുള്ള ഉന്നതതല ഇടപെടലും സംശയാസ്പദമാണ്. 1998ൽ ദ്വാരകപാലക ശിൽപങ്ങളിൽ സ്വർണം പൊതിഞ്ഞാണു യു.ബി ഗ്രൂപ്പ് ഉടമ വിജയ് മല്യ അയ്യപ്പന് സമർപ്പിച്ചത്. ദ്വാരപാലക ശിൽപങ്ങൾ, വാതിലുകൾ, മേൽക്കൂര, ചിത്രഫലകം, താഴികക്കുടം ഉൾപ്പെടെ എല്ലായിടത്തും ചെമ്പുപാളികൾക്കു മുകളിൽ സ്വർണം പൊതിയുകയായിരുന്നു.
എന്നാൽ, 2019ൽ ദ്വാരപാലക ശിൽപങ്ങളും രണ്ട് സൈഡ് പാളികളും ചെമ്പു തകിടുകളാണെന്ന് രേഖപ്പെടുത്തി സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകുകയായിരുന്നു. ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞതെന്നും എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരിച്ച് എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വര്‍ണം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ദേവസ്വം മാന്വൽ പ്രകാരം ക്ഷേത്രത്തിൽ ചാർത്തിയിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്ര സമുച്ചയത്തിന് പുറത്തു കൊണ്ടുപോകരുത്. ദേവന്റെ അനുജ്ഞ വാങ്ങിയശേഷം ക്ഷേത്രസവിധത്തിൽ വച്ച് കോടതിയുടെ അനുമതിയോടെ പണികൾ നടത്താം. 1998ൽ സന്നിധാനത്താണ് പണികൾ നടത്തിയത്. എന്നാൽ, 2019ൽ ഉന്നത ഉത്താശയോടെ ഇത് അട്ടിമറിക്കപ്പെട്ടുവെന്നും വിജിലൻസ് അധികൃതർ പറയുന്നു. വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കോടതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

