ജിദ്ദ: സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. പിടിക്കപ്പെടുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം വർധിക്കുന്നതായാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
മെത്താംഫെറ്റാമിൻ, എം.ഡി.എം എന്നിവ പിടിച്ചെടുത്ത കേസിൽ ഒരാഴ്ച്ചക്കിടയിൽ 10 ലധികം മലയാളികളാണ് സൗദിയിൽ പിടിയിലായത്. മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ടും അത് വിതരണം ചെയ്തതിനും അറസ്റ്റിലായ പ്രവാസികളുടെ കൂട്ടത്തിലും മലയാളികളുടെ എണ്ണം കൂടിവരുന്നതായും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് മദ്യം എത്തിച്ചു കൊടുക്കുന്ന കണ്ണികളുടെ കൂട്ടത്തിൽ മലയാളികളുടെ പങ്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്ന് ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നവർ പറയുന്നു.
മറ്റു കേസുകളിലും ഇടപെടാൻ സാമൂഹിക പ്രവർത്തകർ മുന്നോട്ട് വരുമെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ ആരും തയാറാവുകയില്ല. സൗദി നിയമത്തിൽ ലഹരിക്കേസിൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നത് എന്നതാണ് ഈ വിഷയത്തിൽ മറ്റൊരാൾ ഇടപെടാതിരിക്കാൻ കാരണം.

