ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ മുസ്‍ലിം വനിതകളുടെയും ദലിതരുടെയും വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയെന്ന ആരോപണവുമായി കോൺഗ്രസ്.2020 നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന ആറ് ജില്ലകളിലാണ് വ്യാപക വെട്ടിമാറ്റൽ നടന്നതെന്ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡനറ് അൽക ലംബ ആരോപണമുന്നയിച്ചു. എസ്.ഐ.ആറിലൂടെ 22.7 ലക്ഷം വനിതാ വോട്ടർമാരെ വെട്ടിമാറ്റിയതായും ‘വോട്ട് ചോരി’ ആവർത്തിച്ചുകൊണ്ട് അവർ ചൂണ്ടികാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷനു കീഴിൽ നടന്ന പ്രത്യേക തീവ്ര പരിശോധനയിലൂടെ ബിഹാറിൽ വ്യാപക വോട്ടർപട്ടിക അട്ടിമറി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഇൻഡ്യ മുന്നണിയുടെയും വാദങ്ങളുടെ തുടർച്ചയായാണ് കോൺഗ്രസ് വനിതാ നേതാവും രംഗത്തെത്തിയത്
കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണഎ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ വോട്ടില്ലാത്തവരായി മാറിയതെന്നും അൽക ലംബ പറഞ്ഞു. ‘കഴിഞ്ഞ ലോക്സഭയിൽ ഈ സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ അവരുടെ വോട്ടുകൾ വ്യാജമായിരുന്നോ എന്നും ‘വ്യാജ വോട്ടുകളിലൂടെ’ തിരഞ്ഞെടുക്കപ്പെട്ട എം.പിമാർ സർക്കാർ രൂപീകരിക്കാൻ സഹായിച്ചോ എന്നും അവർ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം , ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തുകയാണെന്നും അൽക ലാംബ ആരോപിച്ചു.
2020 തെരഞ്ഞെടുപ്പിൽ എൻ.ഡി.എയും മഹാഗഡ്ബന്ധൻ മുന്നണിയും ശക്തമായ മത്സരം നടന്ന 59 മണ്ഡലങ്ങളിലാണ് വ്യാപകമായ വോട്ട് വെട്ടിനിരത്തൽ നടന്നത്. എൻ.ഡി.എക്കു വേണ്ടി വലിയ ഗൂഡാലോചനയിലൂടെയാണ് ഈ വെട്ടിമാറ്റൽ നടന്നത്. ഗോപാൽഗഞ്ച്, സരൻ, ബെഗുസാരായ്, ബോജ്പൂർ, പൂർണിയ എന്നീ ആറ് ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് പ്രധാനമായും. 23 ലക്ഷം വനിതകളുടെയും 15 ലക്ഷം പുരുഷന്മാരുടെയും വോട്ടുകൾ എസ്.ഐ.ആറിന്റെ പേരിൽ വെട്ടിമാറ്റി. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുന്നവരുടെ വോട്ടവകാശം നിഷേധിക്കുകയാണ് ഇതുവഴിയെന്നും അവർ ആരോപിച്ചു.
വോട്ടുകൊള്ള വിവാദങ്ങൾക്കിടെ എസ്.ഐ.ആർ പൂർത്തിയാക്കി ബിഹാറിലെ അന്തിമ വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.65 ലക്ഷം പേരെ നീക്കിയ ആഗസ്റ്റ് ഒന്നിലെ കരട് വോട്ടർപട്ടികയിൽനിന്ന് 3.66 ലക്ഷം പേരെ കൂടി വെട്ടിമാറ്റിയും 21.53 ലക്ഷം പേരെ പുതുതായി കൂട്ടിച്ചേർത്തും തയാറാക്കിയ അന്തിമ വോട്ടർപട്ടികയിൽ ആകെ 7.42 കോടി പേർക്കാണ് വോട്ടവകാശം അനുവദിച്ചത്. ഇതോടെ ഈ വർഷം ജൂൺ 24 വരെ 7.89 കോടി വോട്ടർമാരുണ്ടായിരുന്ന ബിഹാറിൽ എസ്.ഐ.ആറിലൂടെ വെട്ടിമാറ്റിയ ആകെ വോട്ടർമാർ 68.66 ലക്ഷമായി.

