വാഷിംഗ്ടൺ: 2026-ൽ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത 1 ഡോളർ നാണയം പുറത്തിറക്കാൻ ആലോചിച്ച് യുഎസ് ട്രഷറി. നാണയത്തിന്റെ ആദ്യ രൂപകൽപ്പനയുടെ ചിത്രങ്ങൾ ട്രഷറർ ബ്രാൻഡൻ ബീച്ച് എക്സിലൂടെ പങ്കുവെച്ചു.
ഒരു വശത്ത്, മുഷ്ടി ചുരുട്ടി കൈ ഉയർത്തി ട്രംപിന്റെ ചിത്രവും ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ് എന്ന വാചകവുമുണ്ട്. 2024-ലെ കൊലപാതക ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ശേഷം ട്രംപ് ഉച്ചരിച്ച വാക്കുകളാണ് ഇവ.മറു വശത്ത്, ട്രംപിന്റെ ചിത്രവും അതിന്റെ മുകളിൽ ലിബർട്ടി എന്നും താഴെ “1776–2026″എന്നും എഴുതിയിട്ടുണ്ട്.
അതേസമയം, അന്തിമ രൂപകൽപ്പന ഇതുവരെ തെരഞ്ഞെടുത്തില്ല. ഇത് ആദ്യ ഡ്രാഫ്റ്റ് ആണ്, ആദ്യ ഡ്രാഫ്റ്റ് അമേരിക്കൻ ജനാധിപത്യത്തെയും ആത്മാവിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ട്രഷറിയുടെ വക്താവ് പറഞ്ഞു.
അതേസമയം 2020-ൽ പാസാക്കിയ നിയമം പ്രകാരം, 2026-ലെ സെമിക്വിൻസെന്റിനിയൽ (250-ാം വാർഷികം) ആഘോഷിക്കുന്നതിനായി, ട്രഷറി സെക്രട്ടറിയ്ക്ക് പ്രത്യേക ഡിസൈൻ ഉപയോഗിച്ച് ഒരു ഡോളർ നാണയം പുറത്തിറക്കാൻ അനുവാദമുണ്ട്. 1976-ലെ 200-ാം വാർഷികാഘോഷങ്ങൾക്കായി പുറത്തിറക്കിയ നാണയത്തിൽ, ലിബർട്ടി ബെല്ലും ചന്ദ്രനുമാണ് ചിത്രീകരിച്ചിരുന്നത്. മുൻ പ്രസിഡന്റ് ഐസൻഹവറാണ് അതിൻ്റെ മറുവശത്ത് പ്രത്യക്ഷപ്പെട്ടത്.
നാണയ രൂപകൽപ്പന ട്രംപ് കണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് കണ്ടോയെന്ന് ഉറപ്പില്ലെന്നും എന്നാൽ ട്രംപിന് ഇത് ഇഷ്ടമാകുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലൈൻ ലെവിറ്റ് പറഞ്ഞു. രാജ്യത്ത് ഗവൺമെന്റ് ഷട്ട്ഡൗൺ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തു വിടുമെന്ന് ട്രഷറർ ബ്രാൻഡൻ ബീച്ച് വ്യക്തമാക്കി.

