വാഷിംഗ്ടൺ: യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്ത്യക്ക് വീണ്ടും ഭീഷണിയുമായി ട്രംപ് ഭരണകൂടം. ഡെൽഹി “പരിഹരിക്കപ്പെടേണ്ടതുണ്ട്” (needs fixing) എന്ന് ട്രംപിൻ്റെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. അമേരിക്കൻ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കണമെങ്കിൽ ഇന്ത്യ “പ്രസിഡൻ്റിനോടൊപ്പം കളിക്കണം” (play ball with the President) എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇന്ത്യയെയും ബ്രസിലിനെയും ലക്ഷ്യമിട്ട് സംസാരിച്ച ട്രംപിൻ്റെ പ്രധാന സഹായി, ഈ രാജ്യങ്ങൾ തങ്ങളുടെ വിപണികൾ തുറക്കാനും യുഎസ് താൽപ്പര്യങ്ങളെ ഹനിക്കുന്ന നടപടികൾ നിർത്താനും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.“സ്വിറ്റ്സർലൻഡ്, ബ്രസീൽ, ഇന്ത്യ എന്നിങ്ങനെ നമ്മുക്ക് പരിഹരിക്കേണ്ട നിരവധി രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങൾ അമേരിക്കയോട് ശരിയായ രീതിയിൽ പ്രതികരിക്കേണ്ടതുണ്ട്. അവർ വിപണികൾ തുറക്കണം, അമേരിക്കയ്ക്ക് ദോഷകരമായ നടപടികൾ നിർത്തണം. അതുകൊണ്ടാണ് ഞങ്ങൾ അവരുമായി ഉടക്കിലായിരിക്കുന്നത്,” ലുട്നിക് ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിലവിൽ, ഏറ്റവും ഉയർന്ന യുഎസ് തീരുവകളിൽ ചിലത് ഇന്ത്യ നേരിടുന്നുണ്ട്. ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവയുണ്ട്. ഇതിനു പുറമേ, ബ്രാൻഡഡ്, പേറ്റന്റ് ഉള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ അടുത്തിടെ ഏർപ്പെടുത്തിയത് ഇന്ത്യൻ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വരുമാനത്തിൻ്റെ ഏകദേശം 40 ശതമാനവും യുഎസ് വിപണിയിൽ നിന്നാണ് ലഭിക്കുന്നത്.കടുത്ത തീരുവകൾ നിലനിൽക്കെ, വ്യാപാര ചർച്ചകളിൽ വിപണി തുറന്നുനൽകുന്നതിൽ ട്രംപ് ഭരണകൂടം ഇന്ത്യയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് ലുട്നിക്കിൻ്റെ വാക്കുകൾ നൽകുന്ന സൂചന.

