Friday, December 5, 2025
HomeNewsഅപകടത്തിൽപ്പെട്ട ബസ് കെഎസ്ആർടിസി ഏറ്റെടുക്കില്ല; കെഎസ്ആർടിസി ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നു: കെ ബി ഗണേഷ്...

അപകടത്തിൽപ്പെട്ട ബസ് കെഎസ്ആർടിസി ഏറ്റെടുക്കില്ല; കെഎസ്ആർടിസി ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നു: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് ഡെലിവറി ചെയ്യാൻ കൊണ്ടുവരുന്നതിനിടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ മന്ത്രി കെബി ഗണേശ് കുമാർ.

വാഹനം അപകടത്തില്‍പ്പെട്ടെന്ന വാർത്ത കേട്ടപ്പോള്‍ ആകെ ഞെട്ടിപ്പോയെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാരല്ല വാഹനം ഓടിച്ചതെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടിച്ച വാഹനം നിർമ്മാണ കമ്പനി മാറ്റി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.’അശോക് ലെയ്‌ലന്റിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബംഗളൂരുവില്‍ നിന്ന് പണിതതിന് ശേഷം തിരുവനന്തപുരത്ത് ഡെലിവറി ചെയ്യാൻ വരുന്നതിനിടെയാണ് അപകടം. കെഎസ്‌ആർടിസിയുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടില്ല. നമ്മുടെ ഡ്രൈവർ അല്ല ഓടിച്ചത്. അതുകൊണ്ട് നഷ്ടമൊന്നുമില്ല. നമുക്ക് അതില്‍ ബാദ്ധ്യതകള്‍ ഒന്നും തന്നെയില്ല. ഇടിച്ച വണ്ടിയൊന്നും നമ്മള്‍ എടുക്കില്ല. കെഎസ്‌ആർടിസിയുടെ ഡ്രൈവർമാർ ഇന്നുവരെ വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിക്കുന്നത്’- ഗണേശ് കുമാർ പറഞ്ഞു.

ബംഗളൂരുവിലെ ബോഡിനിർമ്മാണ ഫാക്ടറിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഹുസൂരില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. മുന്നില്‍പ്പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ബസ് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇതേസമയം പിന്നില്‍ നിന്നുവന്ന ലോറി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

ബോഡി നിർമ്മാണ ഫാക്ടറിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നതുവരെ ബോഡി നിർമ്മാണ കമ്പനിക്കാണ് ബസിന്റെ ഉത്തരവാദിത്വം. അതിനാല്‍ കമ്പനിയുടെ ഡ്രൈവർ തന്നെയാണ് ബസ് ഓടിച്ചിരുന്നതും. നിർമ്മാണ കമ്പനിക്കാർ ബസ് ഓടിച്ചിരുന്നപ്പോഴായിരുന്നു അപകടം എന്നതരത്തിലാണ് ഔദ്യോഗിക വിശദീകരണവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments