വാഷിങ്‌ടൻ : യുഎസിൽ വിലക്കയറ്റം ഉയരുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രാഷ്ട്രീയമായി ബാധിക്കുമെന്ന് വിലയിരുത്തി നിരീക്ഷകർ. പ്രത്യേകിച്ചു ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രസിഡന്റിന് മേൽ സമ്മർദം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിലക്കയറ്റം പ്രധാന പ്രശ്നമായി ഉയർത്തി റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെയും പ്രസിഡന്റിനെതിരെയും പ്രചാരണം ശക്തിപ്പെടുത്താനാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രം. വളരെ നേരിയ ഭൂരിപക്ഷമാണ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. വീണ്ടും മത്സരിക്കുകയില്ല എന്ന പ്രഖ്യാപനങ്ങളുമായി ഇതിനകം ചില അംഗങ്ങൾ രംഗത്തുണ്ട് .
ഈ സീറ്റുകളിലെ സിറ്റിങ് അംഗങ്ങൾ മാറി നിന്നാൽ പകരം തീരുമാനിക്കുന്ന സ്ഥാനാർഥികൾക്ക് പിന്തുണ നേടാൻ പ്രയാസമായ സാഹചര്യം ചില സീറ്റുകളിലെങ്കിലും ഉണ്ട്. അങ്ങനെ വരുമ്പോൾ ഇപ്പോഴുള്ള കേവല ഭൂരിപക്ഷം ഇല്ലാതാകാനോ കുറയാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. 1970കൾക്ക് ശേഷം ഏറ്റവും കൂടുതൽ വിലക്കയറ്റം സംഭവിച്ചത് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്താണ്. വോട്ടർമാരുടെ തൃപ്തിയില്ലായ്മയാണ് ട്രംപിന് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ നിഷ്പ്രയാസം തോൽപിക്കുവാൻ കഴിഞ്ഞതെന്ന് ചില നിരീക്ഷകർ കരുതുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിലക്കയറ്റം ട്രംപിന് ഫലവത്തായി ഉപയോഗിക്കുവാൻ കഴിഞ്ഞെങ്കിൽ അതേ പ്രചാരണായുധം ട്രംപിനെതിരെ ഇപ്രാവശ്യം ശക്തമായി ഡെമോക്രാറ്റുകൾ ഉപയോഗിക്കുവാൻ സാധ്യതയുണ്ട്.

