Friday, December 5, 2025
HomeAmericaപലസ്‌തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം: ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ്

പലസ്‌തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം: ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ്

വാഷിംഗ്ടൺ : പലസ്‌തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയിൽ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോർട്ടർമാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ എന്തായാലും താൻ അനുവദിക്കില്ല. അത് സംഭവിക്കില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ട്രംപ് വ്യക്തമാക്കി. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേൽ മുന്നോട്ട് പോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമായി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ഉടമ്പടി ഏതാണ്ട് അടുത്തെത്തിയെന്ന സൂചനയും ട്രംപ് നൽകി.

ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിലെ അപകട സാധ്യതകളും ദോഷങ്ങളും യു എസ് പ്രസിഡന്‍റിന് നന്നായി അറിയാമെന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ മാധ്യമങ്ങളോട് പറഞ്ഞത്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങളും ഗാസയിലെ യുദ്ധവും അവസാനിപ്പിയ്ക്കാൻ കനത്ത ആഗോള സമ്മർദ്ദമാണ് ഇസ്രയേൽ നേരിടുന്നത്. കാനഡ, ഓസ്ട്രേലിയ, യു കെ, പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങൾ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇത് ഇസ്രയേയലിലെ തീവ്ര വലതുപക്ഷത്തെ പ്രകോപിപ്പിക്കുന്നുണ്ട്.

നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രദേശീയവാദികൾ വെസ്റ്റ് ബാങ്ക് പൂർണ്ണമായി പിടിച്ചെടുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നീക്കം ധാർമികമായും നിയമപരമായും രാഷ്ട്രീയമായും അസ്വീകാര്യമാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യു എസ് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് യു എൻ ആസ്ഥാനത്തേക്ക് എത്താൻ കഴിയാതിരുന്ന പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വീഡിയോ ലിങ്ക് വഴി യു എൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, സമാധാന ശ്രമങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കി. ഫ്രാൻസ് പ്രഖ്യാപിച്ച ഇസ്രായേൽ – പലസ്തീൻ സമാധാന പദ്ധതി നടപ്പാക്കാൻ ലോക നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നടക്കം അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങൾക്ക് അബ്ബാസ് നന്ദി അറിയിക്കുകയും ചെയ്തു. പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിനുള്ള പ്രതിഫലമായിരിക്കുമെന്ന നിലപാടാണ് യു എസിനുള്ളത്. എന്നാൽ ഭരണത്തിൽ ഹമാസിന് ഒരു പങ്കുമുണ്ടാകില്ല എന്ന് അബ്ബാസ് വ്യക്തമാക്കി. ഗാസയിൽ നിന്ന് ഇസ്രയേൽ പിൻമാറിയ ശേഷം അതിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും പലസ്തീൻ രാഷ്ട്രം ഏറ്റെടുക്കുമെന്നും അതിനെ വെസ്റ്റ് ബാങ്കുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments