വാഷിങ്ടൻ : എച്ച് 1 ബി വീസ പദ്ധതി പരിഷ്കരിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വീസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. പകരം, കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണന നൽകും. ഇതിനായി വെയ്റ്റഡ് സിലക്‌ഷൻ രീതി നടപ്പിലാക്കാനാണ് തീരുമാനം. ഇതുവഴി കൂടുതൽ യോഗ്യതയുള്ളവർക്ക് ആയിരിക്കും മുൻഗണന.
വെയ്റ്റഡ് സിലക്‌ഷൻ രീതിയുടെ ഭാഗമായി പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഏറ്റവും ഉയർന്ന ശമ്പളമുള്ളവർക്ക് നാലു തവണ വീസക്കായി പരിഗണിക്കും. കുറഞ്ഞ വേതനമുള്ളവരെ ഒരു തവണയാകും പരിഗണിക്കുക. യുഎസ് സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് അടക്കം പരിഷ്കാരം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആഗോള പ്രതിഭകളെ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് ആകർഷിക്കാൻ പുതിയ നിർദ്ദേശം വഴിവയ്ക്കുമെന്ന് മാനിഫെസ്റ്റ് ലോയിലെ പ്രിൻസിപ്പൽ ഇമിഗ്രേഷൻ അറ്റോർണി നിക്കോൾ ഗുണാര പറഞ്ഞു.
യുഎസിന്റെ എച്ച് 1 ബി വീസ പരിഷ്കരണത്തിനു പിന്നാലെ ആഗോള പ്രതിഭകളെ ആകർഷിക്കാൻ യുകെ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കെ വീസയുമായാണ് ചൈന രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് പദ്ധതി പരിഷ്കരിക്കാൻ യുഎസ് ഭരണൂടം തീരുമാനമെടുക്കുന്നത്.

