മനാമ: സൗദി അറേബ്യയുടെ 95ാം ദേശീയ ദിനത്തിൽ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ. സൽമാൻ രാജാവിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദനസന്ദേശം അയച്ചു.
സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ സൗദി കൈവരിച്ച വികസനത്തിലും പുരോഗതിയിലും ഹമദ് രാജാവ് സന്തോഷം രേഖപ്പെടുത്തി. ബഹ്റൈനും സൗദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയും ആവർത്തിച്ചു.
സൗദി കിരീടാവകാശിക്കും ഹമദ് രാജാവ് സമാനമായ ആശംസാസന്ദേശം അയച്ചു. കൂടാതെ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാനും ആശംസകൾ നേർന്നു. കിരീടാവകാശി അധ്യക്ഷനായ പ്രതിവാര കാബിനറ്റ് യോഗത്തിലും സൗദി അറേബ്യയിലെ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.സൽമാൻ രാജാവിന്റെ നേതൃത്വത്തിലും മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയിലും സൗദി കൈവരിച്ച നേട്ടങ്ങളെ യോഗം പ്രശംസിച്ചു.
അതേസമയം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ “പ്രൈഡ്, ഐക്യം, ആഘോഷം” എന്ന സന്ദേശം അയച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് സൗദി ദേശീയ ദിനാശംസകൾ നേർന്നു.”സൗദി അറേബ്യയിലെ എല്ലാവർക്കും സൗദി ദേശീയ ദിനാശംസകൾ! നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം അഭിമാനവും ഐക്യവും ആഘോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു,” അൽ നാസർ താരം പോസ്റ്റിൽ പറഞ്ഞു.അദ്ദേഹത്തിന്റെ സന്ദേശം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ലൈക്കുകൾ നേടി.

