Friday, December 5, 2025
HomeGulfഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയെ തോൽപ്പിച്ച് പാകിസ്ഥാൻ

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയെ തോൽപ്പിച്ച് പാകിസ്ഥാൻ

അബുദാബി : ബോളർമാരുടെ ബലപരീക്ഷണം കണ്ട ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോർ റൗണ്ടിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 5 വിക്കറ്റിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റിനു 133 റൺസ് നേടി. കമിന്ദു മെൻഡിസിന്റെ അർധ ‍സെഞ്ചറിയാണ് (44 പന്തിൽ 50) ലങ്കയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. പാക്കിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം കണ്ടു. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 8ന് 133. പാക്കിസ്ഥാൻ 18 ഓവറിൽ 5ന് 138. ജയത്തോടെ ഫൈനൽ പ്രതീക്ഷ സജീവമാക്കി നിർത്താൻ പാക്കിസ്ഥാന് സാധിച്ചു. തോൽവിയോടെ ലങ്കയുടെ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു.

134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 45 റൺസ് കൂട്ടിച്ചേർത്ത ഫഖർ സമാൻ (17)– സാഹിബ്സാദാ ഫർഹാൻ (24) സഖ്യം മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നാലെ പിടിമുറുക്കിയ ലങ്കൻ ബോളർമാർ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. ആറാം ഓവറിൽ രണ്ട് ഓപ്പണർമാരെയും വീഴ്ത്തിയ സ്പിന്നർ മഹീഷ് തീക്ഷണയാണ് ലങ്കൻ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെ വാനിന്ദു ഹസരംഗ കൂടി താളം കണ്ടെത്തിയതോടെ 5ന് 80 എന്ന നിലയിലേക്ക് പാക്കിസ്ഥാൻ വീണു. ഇതോടെ ഒരു അട്ടിമറി പാക്ക് ആരാധകർ ഭയന്നെങ്കിലും ആറാം വിക്കറ്റിൽ 41 പന്തിൽ 58 റൺസ് കൂട്ടിച്ചേർത്ത ഹുസൈൻ തലാത് (30 പന്തിൽ 32 നോട്ടൗട്ട്)– മുഹമ്മദ് നവാസ് (24 പന്തിൽ 38 നോട്ടൗട്ട്) സഖ്യം പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തേ, ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ കുശാൽ മെൻഡിനെ (0) നഷ്ടമായി. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. തന്റെ രണ്ടാം ഓവറിൽ സഹ ഓപ്പണർ പാത്തും നിസങ്കയെയും (8) വീഴ്ത്തിയ ഷഹീൻ ലങ്കയെ ഞെട്ടിച്ചു. ഇതോടെ പ്രതിരോധത്തിലായ ലങ്ക മറ്റു പരുക്കുകളില്ലാതെ പവർപ്ലേ അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അറാം ഓവറിലെ രണ്ടാം പന്തിൽ കുശാൽ പെരേരയെ (15) പുറത്താക്കിയ ഹാരിസ് റൗഫ് അവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. 3ന് 53 എന്ന നിലയിലാണ് ലങ്ക പവർപ്ലേ അവസാനിപ്പിച്ചത്. പിന്നാലെ ക്യാപ്റ്റൻ ചരിത് അസലങ്കയെയും (20) ദസുൻ ശനകയെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ പേസർ ഹുസൈൻ തലാത്, മത്സരത്തിൽ പാക്കിസ്ഥാനു പൂർണ ആധിപത്യം നൽകി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments