ഡൽഹി: ഓപ്പറേഷൻ നുംഖോർ എന്ന പേര് നൽകിയ അന്വേഷണത്തിന്റെ ഭാഗമായി 36 വാഹനങ്ങൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞ ആറ് മാസമായി നടന്ന അന്വേഷണത്തിൽ, വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ ആർമിയുടെ രേഖകൾ ഉൾപ്പെടെ കൃത്രിമമായി നിർമിച്ചതായി കണ്ടെത്തി. പല വാഹനങ്ങൾക്കും ഇൻഷുറൻസോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലായിരുന്നു. രണ്ട് വർഷമായി നടക്കുന്ന ഈ തട്ടിപ്പ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെ നടന്നതായും കസ്റ്റംസ് വ്യക്തമാക്കി. ഇന്ത്യൻ, അമേരിക്കൻ എംബസികളുടെ വ്യാജ രേഖകൾ ഉപയോഗിച്ചാണ് വാഹനങ്ങൾ നിയമവിരുദ്ധമായി വിറ്റഴിച്ചതെന്നും അധികൃതർ കണ്ടെത്തി.
കൊച്ചിയിൽ നടന്ന റെയ്ഡിൽ നടന്മാരായ ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും കാറുകൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപമുള്ള ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും വാഹനങ്ങൾ പിടിച്ചെടുത്തില്ല. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കാറുകൾ ഇന്ത്യയിലെത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോർ നടത്തിയത്. പരിവാഹൻ വെബ്സൈറ്റിലും വ്യാപകമായ കൃത്രിമം നടന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു.
നടന്മാർ ഉൾപ്പെടെയുള്ളവർക്ക് കസ്റ്റംസ് സമൻസ് അയക്കുമെന്നും, ദുൽഖർ സൽമാനും അമിത് ചക്കാലക്കലും വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. സെക്കൻഡ് ഹാൻഡ് കാറുകൾ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും, ഇത്തരം തട്ടിപ്പുകൾ രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങൾക്ക് വെല്ലുവിളിയാണെന്നും കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകി. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

