വാഷിങ്ടൻ : റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനും തിരിച്ചുപിടിക്കാൻ യുക്രെയ്നു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വാക്കുകൾ. ക്രൈമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.
‘യുക്രെയ്ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂനിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കിൽ യുദ്ധം ആരംഭിച്ചപ്പോൾ അതിർത്തികൾ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്ന് തിരികെ വരാനാകും. റഷ്യ വെറും ‘കടലാസു പുലി’യാണ്. യഥാർഥ സൈനിക ശക്തിക്ക് ഒരാഴ്ച കൊണ്ടു വിജയിക്കാൻ കഴിയുന്ന ഒരു യുദ്ധത്തിലാണ് ലക്ഷ്യബോധമില്ലാതെ അവർ മൂന്നരവർഷമായി പോരാടിക്കൊണ്ടിരിക്കുന്നത്. പുട്ടിനും റഷ്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് യുക്രെയ്ന് പറ്റിയ സമയം. ഞങ്ങൾ നാറ്റോയ്ക്ക് ആയുധം നൽകുന്നത് തുടരും. അതുകൊണ്ട് എന്തുചെയ്യണമെന്ന് നാറ്റോ തീരുമാനിക്കും’ –ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

