ന്യൂയോർക്ക് : രണ്ട് പ്രമുഖ അമേരിക്കൻ കമ്പനികളുടെ നേതൃസ്ഥാനത്തേക്ക് ഇന്ത്യൻ വംശജരായ ശ്രീനിവാസ് ഗോപാലനും രാഹുൽ ഗോയലും ഉയർന്നു. ടെലികോം ഭീമനായ ടി-മൊബൈലിൻ്റെ സി.ഇ.ഒ. ആയി ശ്രീനിവാസ് ഗോപാലനെയും, പാനീയ കമ്പനിയായ മോൾസൺ കൂഴ്‌സിൻ്റെ സി.ഇ.ഒ. ആയി രാഹുൽ ഗോയലിനെയും നിയമിച്ചു. യു.എസ്. സർക്കാർ എച്ച്1ബി വിസ ഫീസ് കുത്തനെ കൂട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ നിയമനം നടന്നതെന്നത് ശ്രദ്ധേയമാണ്.
ടെലികോം രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ശ്രീനിവാസ് ഗോപാലൻ. ടി-മൊബൈലിൻ്റെ നിലവിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അദ്ദേഹം നവംബർ ഒന്നിന് പുതിയ ചുമതലയേൽക്കും. ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഐ.ഐ.എം. അഹമ്മദാബാദിൽ നിന്ന് എം.ബി.എ. പൂർത്തിയാക്കിയ ഗോപാലൻ, ഭാരതി എയർടെൽ, വോഡഫോൺ തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മോൾസൺ കൂഴ്‌സിൻ്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ രാഹുൽ ഗോയൽ ഒക്ടോബർ ഒന്നിന് സ്ഥാനമേൽക്കും. 2001 മുതൽ കമ്പനിയുടെ ഭാഗമായ അദ്ദേഹം നിലവിൽ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഗോയൽ, യു.കെ.യിലും ഇന്ത്യയിലുമായി കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ല എന്നിവരെപ്പോലെ ആഗോള കമ്പനികളുടെ നേതൃത്വത്തിലേക്ക് ഉയരുന്ന ഇന്ത്യൻ വംശജരുടെ പട്ടികയിലെ ഏറ്റവും പുതിയ പേരുകളാണ് ശ്രീനിവാസ് ഗോപാലനും രാഹുൽ ഗോയലും.

